സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആരോഗ്യപ്രവർത്തകരെ അക്രമിക്കാമെന്ന്‌ ആരും കരുതണ്ട: മന്ത്രി വീണാ ജോർജ്

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യപ്രവർത്തകരെ ആക്രമിക്കാമെന്ന്‌ ആരും കരുതണ്ടായെന്ന്‌ മന്ത്രി വിണാ ജോർജ്‌. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക്‌ നിയമപ്രകാരം ശിക്ഷ ലഭിക്കുന്നത്‌ വളരെ കുറവാണ്‌. ഇത്‌ ഒഴിവാക്കി കുറ്റകൃത്യം ചെയ്തുവെന്ന്‌  തെളിയിക്കപ്പെട്ട പ്രതികൾക്കെല്ലാം ശിക്ഷ ഉറപ്പാക്കും. ഇതിനായി 2012ലെ അതിക്രമം തടയൽ നിയമം കർശനമാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

രോഗിയുടെ ജീവൻ രക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ആരെന്നുനോക്കാതെ ചികിത്സിക്കുന്നവരാണ്‌ ആരോഗ്യപ്രവർത്തകർ. അവരുടെ മനോവീര്യം തകർക്കുന്നതാണ്‌ അടുത്തിടെയുണ്ടായ സംഭവം. ശാസ്‌ത്രീയ അടിത്തറയില്ലാതെ ആരോഗ്യപ്രവർത്തകരെ കുറ്റക്കാരായി മുദ്രകുത്തി ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. സ്വപ്നം കണ്ടുതുടങ്ങിയ ഘട്ടത്തിലാണ്‌ ഡോ. വന്ദന ദാസിന് ജീവൻ നഷ്‌ടപ്പെടുന്നത്‌. സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കയ്യിൽ നിന്ന്‌ പൈസ എടുത്തുനൽകി സഹായിച്ച ഒരു ഡോക്ടർ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

ഒരാഴ്ചയായി നടന്നുവരുന്ന സംസ്ഥാനതല നഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്‌ഘാടനവും സംസ്ഥാനത്തെ മികച്ച നഴ്സുമാർക്ക് സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരവിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വാരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന ഘോഷയാത്ര മാറ്റിവച്ചിരുന്നു. സംസ്ഥാനത്തെ മികച്ച നഴ്‌സുമാർക്കുള്ള സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്‌കാരം പി ശ്രീദേവി, വി സിന്ധു മോൾ, എം സി ചന്ദ്രിക എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ജോസ് ഡിക്രൂസ്, നഴ്‌സിങ്‌ സർവീസസ് അഡീഷണൽ ഡയറക്ടർ എം ജി ശോഭന, നഴ്‌സിങ്‌ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. സലീന ഷാ, നഴ്‌സിങ്‌ കൗൺസിൽ രജിസ്ട്രാർ ഇൻ ചാർജ് ആശാ പി നായർ, ജില്ല നഴ്‌സിങ്‌ ഓഫീസർ എസ്‌  ബിന്ദു, ഡോ. ബന്നറ്റ് എബ്രഹാം, എസ്‌ എം അനസ്, ടി എസ്സ ജിത, കെ സി പ്രീത കൃഷ്ണൻ എന്നിവരും പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും