ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി എസ് മുരളിയുടെ സ്‌മാരണാർത്ഥം ഏർപ്പെടുത്തിയ ആറാമത് ടി എസ് മുരളി സ്‌മാരക പുരസ്‌കാരത്തിന് നാടക നടിയും പൊതു പ്രവർത്തകയുമായ നിലമ്പൂർ ആയിഷ അർഹയായി. 25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ബെഫി ദേശീയ പ്രസിഡന്റ് സി ജെ നന്ദകുമാർ, ദേശീയ ജോ. സെക്രട്ടറി എസ് എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, സംസ്ഥാന പ്രസിഡൻറ് ഷാജു ആൻ്റണി, ബി ഒ ബി എംപ്ലോ. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി സതീഷ്, ജനറൽ സെക്രട്ടറി എസ് എൽ ദിലീപ് എന്നിവർ ചേർന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ബാങ്ക് ട്രേഡ് യൂണിയൻ നേതാവും ബി ഇ എഫ് ഐ കേരള ജനറൽ സെക്രട്ടറിയുമായിരുന്ന ടി എസ് മുരളി ബിഇഎഫ്ഐ (കേരള), ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ (കേരള) സംഘടനകളുടെ സ്ഥാപക നേതാവും പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു. സാംസ്കാരിക രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ടി എസ് മുരളി എറണാകുളത്തെ ബാങ്കു ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിൻ്റെയും സ്ഥാപക സെക്രട്ടറിയായിരുന്നു. ടി എസ് മുരളി ഓർമ്മയായിട്ട് ആറു വർഷം പൂർത്തിയാവുകയാണ്.