സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

25 ൽ അധികം സ്വയം തൊഴിൽ ശ്രീദേവിയുടെ ജീവിത യാത്ര

വിമെന്‍ പോയിന്‍റ് ടീം

ചെറുപ്പത്തിൽ തന്നെ കുടുംബ പ്രാരാബ്ധം നെഞ്ചിലേറ്റിയ, പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ അതിജീവിക്കാൻ തെങ്ങുകയറ്റവും,പാമ്പ് പിടിത്തം, കിണർ വൃത്തിയാക്കൽ, തെരുവ് നായയെ പിടിക്കൽ ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തുന്ന ധീരയായ ഒരു വനിതയുണ്ട് തിരുവനന്തപുരത്ത് കാട്ടാക്കടയുടെ മണ്ണിൽ. ലോക വനിതാ ദിനത്തിൽ പരിചയപ്പെടുത്തുന്നത് ടി ശ്രീദേവി എന്ന പോരാളിയെയാണ്.

അമ്മയുടെ രോഗമാണ് ജീവിതത്തിൽ ആദ്യമായി എന്നെ പ്രതിസന്ധിയിലാക്കിയത്. പതിനാലാം വയസ്സിൽ അമ്മയുടെ ചികിത്സക്കായി ആദ്യമായി തൊഴിൽ കണ്ടെത്താൻ തീരുമാനിച്ചു. കൂലിപ്പണിക്ക് പോയി. കിട്ടിയ ജോലികൾ എല്ലാം ചെയ്ത് അമ്മയെ ചികിൽസിച്ചു. അവിടെ നിന്നാരംഭിച്ച യാത്ര ഇന്നിവിടെ വരെ എത്തി നിൽക്കുന്നു.

പ്രതിസന്ധികളിൽ തളർന്നിരിക്കണോ അതിജീവിക്കാനായി പോരാടണമോ എന്ന ചോദ്യത്തിന് തളർന്നിരിക്കാൻ മനസ് അനുവദിച്ചില്ല. കൂലി പണിക്കാരനായ ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് ഇപ്പോൾ എന്റെ കുടുംബം. ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യസം, ആരോഗ്യ പ്രശ്നങ്ങൾ,മറ്റ് ആവശ്യങ്ങൾ  ഒക്കെയും വെല്ലുവിളിയായി മുന്നിൽ വന്നപ്പോൾ അതിനെ അതിജീവിക്കാൻ ഇറങ്ങിയതാണ്. 25 ൽ അധികം സ്വയം തൊഴിൽ പഠിച്ചു. തെങ്ങുകയറ്റം, തെങ്ങിന്റെ പരാഗണം, പാമ്പ് പിടിത്തം, കിണർ വൃത്തിയാക്കൽ, തെരുവ് നായയെ പിടിക്കൽ, റബ്ബർ ടാപ്പിംഗ്, തയ്യൽ, മീൻ വളർത്തൽ, വളർത്തുമൃഗങ്ങൾ, ഓട്ടോ ഓടിക്കൽ  ഉൾപ്പെടെ പഠിച്ച എല്ലാ തൊഴിലുകൾക്കും പോകും. ഈ 39 ആം വയസ്സിലും ആരോഗ്യപരമായ പരിമിതികൾക്കുള്ളിൽ നിന്നും ഞാൻ അധ്വാനിക്കുന്നുണ്ട്.

രാവിലെ ഒരു മണിയാകുമ്പോൾ ഉണരും. മൂന്ന് മണിക്ക് റബ്ബർ ടാപ്പിങ്ങിന് ഇറങ്ങും. ദിവസം 700 മുതൽ 800 വരെ റബ്ബർ ടാപ് ചെയ്യും. ഇതിനിടയിൽ തെങ്ങു കയറാൻ ആരെങ്കിലും വിളിക്കുകയാണെങ്കിൽ അതിനും  സമയം കണ്ടെത്തും. തേങ്ങയിടൽ മാത്രമല്ല, തെങ്ങിന്റെ ഏറ്റവും മുകളിൽ കയറി മണ്ടയ്ക്ക് മരുന്ന് ഇടും, തെങ്ങിന്റെ പരാഗണത്തിനുള്ള ട്രെയിനിങ് എനിക്ക് ലഭിച്ചിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ അതും ചെയ്യും. ഒമ്പത് മണി ആകുമ്പോൾ തെരുവ് നായയെ പിടിക്കാനായി പോകും. വെഞ്ഞാറുമൂട് എബിസി സെന്ററിന് വേണ്ടിയാണ് ഇപ്പോൾ നായ്ക്കളെ പിടിക്കുന്നത്. നായ്ക്കൾക്ക് വാസിനേഷൻ സമയമായതിനാൽ ഇപ്പോൾ നല്ല തിരക്കാണ്. രാവിലെ തുടങ്ങുന്ന പണി രാത്രി ഒമ്പത് വരെ നീളും. 

ഇതിനിടയിൽ വീട്ടിൽ തന്നെ പശുവിന്റെയും കോഴിയുടേയുമൊക്കെ ചെറിയ ഫാമും ചെയ്തിരുന്നു. പക്ഷെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ആരോ അതിനൊക്കെ വിഷം നൽകി. അന്നാണ് ജീവിതത്തിൽ ആദ്യമായി എന്തിന് ജീവിക്കുന്നു എന്ന ചോദ്യം എന്നെ കീഴ്പ്പെടുത്തിയത്. അന്ന് രാത്രി ഞാൻ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒരു ദിവസം മുഴുവൻ ഐസിസ്യുവിൽ ബോധമില്ലാതെ കിടന്നു. തിരികെ ജീവിതത്തിലേക്ക് എത്തുമ്പോൾ ഞാൻ വീണ്ടും തീരുമാനിച്ചു, ഇനി ഒരാൾക്കും ഒരു പ്രതിസന്ധിക്കും മുന്നിൽ ഞാൻ മുട്ട് മടക്കില്ല. 

ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കാകും. ചേർത്ത് നിർത്താനും ആശ്വാസമാകാനും ആരുമുണ്ടാകില്ല. അന്ന് നമ്മൾ ഒറ്റക്ക് പോരാടാൻ തുടങ്ങും. എങ്ങനെ ജീവിക്കണമെന്ന് ജീവിതം തന്നെ നമുക്ക് പഠിപ്പിച്ചു നൽകും. കഠിനാധ്വാനം ചെയ്യാനുള്ള മനസും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്. 

ഇന്നെനിക്ക് ജനങ്ങൾ കൂടെ ഉണ്ട്. സന്മനസ്സുകളുടെ സഹായം കൊണ്ട് കടങ്ങൾ എന്ന ബാധ്യത എനിക്ക് കുറഞ്ഞു വരുന്നു. മകളെ നഴ്സിങ്ങിന് പഠിക്കാൻ ചേർത്തു. അവൾ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണിപ്പോൾ. ഞാനും സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യത പരീക്ഷയ്ക്കായി പഠിക്കുന്നുണ്ട്. ഇനിയും ഉയർന്നു പഠിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും