നിയമനിർമാണ സഭകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ബിൽ പാർലമെന്റിൽ പാസാക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന ആവശ്യമുയർത്തി ഡൽഹിയിൽ പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മ. ബിആർഎസ് നേതാവ് കെ കവിത ജന്തർമന്തറിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി 12 പാർടിയുടെ പ്രതിനിധികളെത്തി. കോൺഗ്രസ് പ്രതിനിധികളെ അയച്ചില്ല. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമരം ഉദ്‌ഘാടനം ചെയ്‌തു. വനിതാ സംവരണ ബില്ലിനായുള്ള പോരാട്ടത്തിൽ സിപിഐ എം എപ്പോഴും ഒപ്പമുണ്ടാകുമെന്ന് യെച്ചൂരി പറഞ്ഞു.ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ ബിൽ പാസായതാണ്. ലോക്‌സഭയിൽ എത്തിയില്ല. വനിതാ സംവരണ ബിൽ കൊണ്ടുവരുമെന്ന് 2014ൽ മോദി വാഗ്‌ദാനം ചെയ്‌തിരുന്നു. ഒമ്പതു വർഷമായിട്ടും അവതരിപ്പിക്കാൻപോലും തയ്യാറായിട്ടില്ല. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ബില്ലിനായി സമ്മർദം ചെലുത്തും–- യെച്ചൂരി പറഞ്ഞു.