ചലച്ചിത്ര സീരിയൽ നടിയും മിമിക്രി താരവുമായിരുന്നു സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി. സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും സുബി താരമായി മാറി. സ്റ്റേജ് ഷോകളിലും പരിപാടികളിലും കോമഡി അനായാസമായി വഴങ്ങിയിരുന്ന സുബി പിന്നീട് ബിഗ് സ്ക്രീനിലേക്കും ചുവടുവെച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. മിനി സ്ക്രീനിലും സുബി വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന ഷോയുടെ അവതാരികയും സുബി ആയിരുന്നു. കൊച്ചു കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഷോ വലിയ വിജയമായിരുന്നു. ഇതിൽ സുബിയുടെ പങ്ക് വളരെ വലുതായിരുന്നു. കുട്ടികൾക്കൊപ്പം അവരിലൊരാളായി സുബി മാറുകയായിരുന്നു. ടിനി ടോം ഉൾപ്പെടെയുള്ള താരങ്ങൾ സുബിക്ക് ആദരാഞ്ജലിയർപ്പിച്ചു. മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവത്തക, വിട കൂട്ടുകാരി എന്നാണ് ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.