സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സിയാച്ചിനില്‍ നിയമിക്കപ്പെട്ട ആദ്യ വനിതാ ഓഫീസറായി ക്യാപ്റ്റന്‍ ശിവ ചൗഹാന്‍

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വ്വത നിരയില്‍ അതിര്‍ത്തി കാക്കാന്‍ നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറായി. സിയാച്ചിന്‍ യുദ്ധ സ്‌കൂളില്‍ ഒരു മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ശിവ ചൗഹാന് സിയാച്ചിനില്‍ പോസ്റ്റിംഗ് നല്‍കിയത്. സിയാച്ചിനിലെ കുമാര്‍ പോസ്റ്റിലാണ് ആദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചിരിക്കുന്നത്. 

'ഫയര്‍ ആന്‍ഡ് ഫ്യൂറി സംഘത്തിന്റെ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയിലെ കുമാര്‍ പോസ്റ്റില്‍ പ്രവര്‍ത്തനത്തിനായി വിന്യസിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറായി' എന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്തു. 'ബ്രേക്കിംഗ് ദി ഗ്ലാസ് സീലിംഗ്' എന്ന് ശിവയുടെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.രാജസ്ഥാന്‍ സ്വദേശിനിയാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍. ഉദയ്പൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവ, ഉദയ്പൂരിലെ എന്‍ജെആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.

11-ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട ശിവ ചൗഹാനെ വീട്ടുജോലികള്‍ ചെയ്ത് അമ്മയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. കുട്ടിക്കാലം മുതല്‍, ഇന്ത്യന്‍ സായുധ സേനയില്‍ ചേരാന്‍ അതിയായ ആഗ്രഹം ശിവ പ്രകടിപ്പിച്ചിരുന്നു. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ (OTA) പരിശീലനത്തിനിടെ സമാനതകളില്ലാത്ത തീക്ഷ്ണത ശിവ ചൗഹാന്‍ പ്രകടിപ്പിക്കുകയും 2021 മെയ് മാസത്തില്‍ എഞ്ചിനീയര്‍ റെജിമെന്റില്‍ കമ്മീഷന്‍ ചെയ്യുകയും ചെയ്തു.

കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍. ശത്രു സൈന്യത്തിന്റെ ആക്രമണത്തോടും കൊടു തണുപ്പിനോടും മല്ലിടുന്നവരാണ് സിയാച്ചിനിലെ സൈനികര്‍. ഓക്‌സിജന്‍ വളരെ കുറഞ്ഞ പ്രദേശമാണിത്. 1984 മുതല്‍ ഇന്ത്യയും പാകിസ്താനുംയുദ്ധം ചെയ്ത സ്ഥലങ്ങളില്‍ വച്ച് ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍ ഹിമാനികള്‍. 15,632 അടി ഉയരത്തിലാണ് സിയാച്ചിനിലെ കുമാര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യന്‍ ആര്‍മിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശീലനം നേടിയ ശിവ, യുദ്ധ സ്‌കൂളില്‍ കഠിനമായ പരിശീലനത്തിന് വിധേയയായിരുന്നു. എന്‍ഡുറന്‍സ് പരിശീലനം, ഐസ് വാള്‍ ക്ലൈംബിംഗ്, ഹിമപാതവും വിള്ളലുമുള്ളയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, അതിജീവന അഭ്യാസങ്ങള്‍ എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ വെല്ലുവിളികള്‍ക്കിടയിലും, ക്യാപ്റ്റന്‍ ശിവ ചൗഹാന്‍, അചഞ്ചലമായ പ്രതിബദ്ധതയോടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. ജനുവരി 2 ന് ശിവ സിയാച്ചിന്‍ ഹിമാനിയില്‍ പ്രവേശിച്ചു. മൂന്ന് മാസത്തേക്കാണ് പോസ്റ്റിംഗ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും