സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന്‌ തലസ്ഥാനത്ത് തുടക്കമായി

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്തെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനമായ  ജനാധിപത്യ മഹിളാ അസോസിയേഷന്റെ  അഖിലേന്ത്യാ  സമ്മേളനത്തിന്‌ ചരിത്രനഗരമായ അനന്തപുരിയിൽ തുടക്കമായി. പ്രതിനിധി സമ്മേളനം എം സി ജോസഫൈൻ ന​ഗറിൽ (ടാ​ഗോർ തിയറ്റർ) കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലാ നിയുക്ത ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെ സമ്മളന നടപടികൾക്ക് തുടക്കമായി. പ്രസ്ഥാനത്തിന്റെ സ്ഥാപകര്‍ക്കും രക്തസാക്ഷികള്‍ക്കും പ്രതിനിധികള്‍ ആദരവര്‍പ്പിച്ചു. സമ്മേളനത്തിനായി 12 സംസ്ഥാനങ്ങളില്‍നിന്നെത്തിയ ദീപശിഖകള്‍ ജ്വലിപ്പിച്ചു.സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട് ആമുഖപ്രഭാഷണം നടത്തി. അനശ്വര രക്തസാക്ഷി ചെ ഗുവേരയുടെ മകൾ ഡോ. അലെയ്‌ഡ ഗുവേരയും മകൾ പ്രൊഫ. എസ്‌തഫാനോ ഗുവേരയും ,ട്വീസ്റ്റ സെതൽവാദ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി വ്യാഴം വൈകിട്ട് ആരംഭിച്ച പതാക, കൊടിമര, ദീപശിഖാ ജാഥകൾ രാത്രിയോടെ പൊതുസമ്മേളന വേദിയായ മല്ലു സ്വരാജ്യം നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സംഗമിച്ചു. തുടർന്ന്‌ സ്വാഗതസംഘം ചെയർപേഴ്‌സൺ പി കെ ശ്രീമതി പതാക ഉയർത്തി. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

മൂന്നരപ്പതിറ്റാണ്ടിനുശേഷമാണ്‌ തലസ്ഥാന നഗരി മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന്‌ ആതിഥേയരാകുന്നത്‌.  അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ധാവ്‌ളെ, നേതാക്കളായ സുഭാഷിണി അലി, പി കെ സൈനബ, സൂസൻ കോടി, സി എസ്‌ സുജാത, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി ജോയി തുടങ്ങിയവർ പങ്കെടുത്തു.

അടിച്ചമര്‍ത്തലിന്റെ ഈ കാലത്ത് എഐഡിഡബ്ല്യുഎയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ വിവരിച്ച മാലിനി ഭട്ടാചാര്യയുടെ അധ്യക്ഷ പ്രസംഗത്തോടെ സെഷന്‍ അവസാനിച്ചു. സംഘടനയുടെ അടിത്തറ വിശാലമാക്കേണ്ടതിന്റെയും ഈ ക്രൂരമായ ഭരണകൂടത്തെ നേരിടുന്ന സംഘടനകളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവര്‍ അടിവരയിട്ടു. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങ് അവസാനിച്ചതിന് തുടര്‍ന്ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു.

36 വർഷത്തിനുശേഷമാണ് അഖിലേന്ത്യാ  സമ്മേളനത്തിന്  കേരളം വേദിയാകുന്നത്. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും. സമാപന സമ്മേളനം തിങ്കൾ വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും