സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുഞ്ഞിനെ കൊന്നു, കൂട്ടബലാത്സംഗവും; ഒടുവിൽ ബലാത്സംഗികൾ പുറത്ത്; ഞെട്ടലിൽ ബിൽക്കിസ് ബാനു

വിമെന്‍ പോയിന്‍റ് ടീം

ഗുജറാത്ത് സ‍ര്‍‍ക്കാ‍ര്‍ ശിക്ഷയിൽ ഇളവ് നൽകിയതോടെ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ജയിൽമോചിതരായതിനു പിന്നാലെ ബിൽക്കിസ് ബാനു ഞെട്ടലിൽ. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ക്രൂരപീഡനത്തിന് ഇരയായ ബിൽക്കിസ് ബാനു ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നാണ് അവരുടെ അഭിഭാഷക പറയുന്നത്. ജയിൽമോചനത്തിനെതിരെ നിയമനപടി സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല ബിൽക്കിസ് ബാനു എന്നും അഭിഭാഷക വ്യക്തമാക്കി.

കൂട്ടബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 11 പ്രതികളെയും കോടതി ജീവപര്യന്തം തടവിനു വിധിക്കുകയായിരുന്നു. എന്നാൽ ഗുജറാത്ത് സ‍ര്‍ക്കാര്‍ പ്രതികളുടെ തടവുശിക്ഷയിൽ ഇളവ് നൽകിയതോടെ 15 വര്‍ഷത്തിനു ശേഷം ഇവ‍ര്‍ കഴിഞ്ഞ ദിവസം ജയിൽ മോചിതരാകുകയായിരുന്നു. എന്നാൽ ശിക്ഷയിൽ ഇളവു നൽകുന്നതിനു മുൻപ് സര്‍ക്കാര്‍ പ്രതിനിധികള്‍ ബിൽക്കിസ് ബാനുവിനോട് സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തില്ലെന്നാണ് ആരോപണം.

കലാപകാലത്ത് പലവട്ടം ഓടിരക്ഷപെടേണ്ടി വന്ന ബിൽക്കിസ് ബാനു സമാധാനപൂര്‍ണമായ ജീവിതം ആരംഭിച്ചിരുന്നുവെന്നും ഇതിനിടയിലാണ് പുതിയ സംഭവമെന്നും അഭിഭാഷകയായ ശോഭ ഗുപ്ത പറഞ്ഞു. ഒരു 21കാരിയ്ക്ക് താങ്ങാൻ കഴിയുന്നതിലും വലിയ ദുരിതങ്ങളാണ് ബിൽക്കിസ് ബാനു അനുഭവിച്ചതെന്നും അവ‍ര്‍  വ്യക്തമാക്കി.

കുറ്റക്കാരെ ശിക്ഷിച്ചു കൊണ്ട് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടതോടെ ദുരിതം അവസാനിച്ചുവെന്നാണ് ബിൽക്കിസ് ബാനു കരുതിയതെന്ന് അഭിഭാഷക പറഞ്ഞു. അന്ന് കോടതി ഇടപെട്ട് അനുവദിച്ച നഷ്ടപരിഹാരം രാജ്യത്തെ പീഡനക്കേസുകളുടെ ചരിത്രത്തിൽ തന്ന ഏറ്റവും വലിയ തുകയായിരുന്നു. ബിൽക്കിസ് ബാനു സാധാരണ നിലയിൽ സമാധാനപൂ‍ര്‍വം ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതികള്‍ വീണ്ടും ജയിൽമോചിതരായി എന്നറിഞ്ഞതോടെ കുടുംബം വീണ്ടും ഭയപ്പാടിലാണെന്ന് അഭിഭാഷക വ്യക്തമാക്കി.

"ബിൽക്കിസ് ബാനുവിൻ്റെ ഭർത്താവ് യാക്കൂബ് എന്നെ രണ്ട് ദിവസമായി വിളിക്കുന്നുണ്ട്. സുപ്രീം കോടതി എന്തെങ്കിലും നടപടിയെടുക്കുന്നുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഗ്രാമത്തിൽ ചില അഭ്യൂഹങ്ങൾ ഉണ്ടെന്നും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും പറഞ്ഞു." എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് വിഷത്തിൽ വ്യക്തത വന്നതെന്നും ഈ തീരുമാനം ഞെട്ടിക്കുന്നതാണെന്നും അഭിഭാഷക വ്യക്തമാക്കി. ഇരയുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായിട്ടും അവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷക പറഞ്ഞു.കലാപകാലത്ത് ക്രൂരപീഡനത്തിന് ഇരയായ ബിൽക്കിസ് ബാനുവിൻ്റെ ഏഴ് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. മൂന്ന് വയസുള്ള കുഞ്ഞും കൊല ചെയ്യപ്പെട്ടു. ബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു.

2002 മാർച്ച് മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. സബർമതി എക്സ്പ്രസ് കത്തിച്ചതിനു പിന്നാലെ പ്രദേശത്ത് ഉണ്ടായ അക്രമസംഭവങ്ങളിൽ നിന്ന് രക്ഷപെടാനായി പാടത്ത് ഒളിച്ചു കഴിയുകയായിരുന്നു കുടുംബം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും