ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മെയ് ചുമതലയേല്‍ക്കും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം മത്സരരംഗത്ത് നിന്ന് തിങ്കളാഴ്ച പിന്‍മാറിയതോടെയാണ് തെരേസ മെയ് പ്രധാനമനമന്ത്രിയാകുമെന്നത് ഉറപ്പായത്. 1990ല്‍ മാര്‍ഗരറ്റ് താച്ചര്‍ പദവിയൊഴിഞ്ഞതിന് ശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയാണ് തെരേസ മെയ്. ബ്രെക്‌സിറ്റ് ഫലം പ്രതികൂലമായ സാഹചര്യത്തില്‍ നിലവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാമറോണ്‍ ബുധനാഴ്ചയോടെ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി വോട്ടര്‍മാരില്‍ ഭൂരിപക്ഷവും പിന്തുണക്കുന്നത് തെരേസയെയാണെന്നും പ്രധാനമന്ത്രിയാകാന്‍ അവര്‍ യോഗ്യയാണെന്നും ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു. ബ്രിട്ടനിലെ മെയ്ഡന്‍ഹെഡില്‍ നിന്നുള്ള എം.പിയായ തെരേസ ബ്രിട്ടീഷ് സര്‍ക്കാരില്‍ പല ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. തെരേസ മെയുടെ സത്യപ്രതിജ്ഞാ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും.