ജപ്പാനില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ച് കോടതി. ജപ്പാനിലെ ഒസാക കോടതിയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ല എന്ന് നിരീക്ഷിച്ചത്. എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയുടെ അവകാശങ്ങളെ എതിര്‍ക്കുന്ന, അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിലുള്ള ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള തീര്‍ത്തും പിന്തിരപ്പനായ ഒരു വിധിയാണ് തിങ്കളാഴ്ച കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മൂന്ന് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ ഹരജിയിലായിരുന്നു ഒസാക ജില്ലാ കോടതിവിധി. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല, എന്ന് ചൂണ്ടിക്കാണിച്ച ദമ്പതികള്‍, നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.”ഇത് ഭീകരമാണ്, അതിഭീകരം,” ഹരജിക്കാരിലൊരാള്‍ കോടതിക്ക് പുറത്തുവെച്ച് പ്രതികരിച്ചു. ‘അവിശ്വസനീയം’ എന്നായിരുന്നു ഒരു അഭിഭാഷകന്റെ പ്രതികരണം. നേരത്തെ, സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ വിധി. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാനും ഭരണഘടനാനുസൃതമാക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, എന്ന എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളുടെ പ്രതീക്ഷയെ നിരാശപ്പെടുത്തുന്ന കോടതിവിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ”രണ്ട് സെക്‌സിലുള്ള ആളുകളുടെയും പരസ്പര സമ്മതത്തോടെയുള്ള കാര്യം,” എന്നാണ് ജാപ്പനീസ് ഭരണഘടന വിവാഹങ്ങളെ നിര്‍വചിച്ചിരിക്കുന്നത്.ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹം നിയമവിരുദ്ധമായ ഏക രാജ്യമാണ് ജപ്പാന്‍. അതേസമയം, സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് രാജ്യത്ത് ജനപിന്തുണ വര്‍ധിക്കുന്നതായാണ് വിവിധ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.