സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

അക്ഷയതൃതീയ എന്ന വന്‍ തട്ടിപ്പ്


നാളെ ആണ് ഇക്കൊല്ലത്തെ അക്ഷയ തൃതീയ. കേരളം ഉള്‍പ്പെടെ ഇന്ത്യയിലാകെ  ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിക്കപ്പെടുന്ന ദിവസം. സ്വര്‍ണക്കച്ചവടക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അക്ഷയ തൃതീയയുടെ പേരില്‍ കോടികണക്കിന് രൂപ ചിലവഴിച്ചു പരസ്യം ചെയ്തു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ എന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് അവര്‍ അവരുടെ കച്ചവടം പൊടിപൊടിക്കുന്നു. തിരക്കു കൂടിയപ്പോള്‍ അക്ഷയതൃതീയ രണ്ടു ദിവസമാക്കി മാറ്റിയ സമര്‍ത്ഥന്മാരും ഉണ്ട്. ഇത്തവണ അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങി കൂട്ടുന്നവര്‍ കബളിപ്പിക്കപ്പെടുമെന്നു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിക്ഷേപം എന്ന രീതിയില്‍ നാളെ,ഏപ്രില്‍ 21 നു, സ്വര്‍ണം വാങ്ങിയാല്‍ അത് നഷ്ടം ആകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവില ഇനിയും നന്നായി കുറയാന്‍ ആണത്രേ സാധ്യത. 2015 അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സ്വര്‍ണം വാങ്ങുന്നതാണ് ലാഭകരം. ഇനി അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ വെറുതേ പണം നഷ്ടപ്പെടുത്താതെ പേരിനു മാത്രം എന്തെങ്കിലും വാങ്ങുകയെ ചെയ്യാവൂ എന്നും അറിവുള്ളവര്‍ പറയുന്നു. എന്നാല്‍ പ്രശ്നം അതല്ല. അക്ഷയ തൃതീയ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിവസം ആണെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? ഹൈന്ദവ വിശ്വാസപ്രകാരം ആണല്ലോ അക്ഷയ തൃതീയക്ക് പുണ്യ പദവി ലഭിച്ചിരിക്കുന്നത്. ഏതു പുരാണത്തില്‍ എങ്കിലും അക്ഷയ തൃതീയയെ സ്വര്‍ണ്ണവുമായി ബന്ധിപ്പിക്കുണ്ടോ?

വിക്കിപിഡിയയില്‍ ഇങ്ങനെ ആണ് പറയുന്നത്. ''വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ബലഭദ്രന്‍ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു."

പല സംസ്ഥാനങ്ങളിലും പല രീതിയില്‍ ആണ് അക്ഷയ തൃതീയക്ക് പ്രാധാന്യം നല്കുന്നത്. രാജസ്ഥാനില്‍ ശൈശവവിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്  അക്ഷയ തൃതീയക്കാണ്. ശൈശവവിവാഹങ്ങള്‍ തടയുന്നതിന്  അക്ഷയ തൃതീയദിവസത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നു  രാജസ്ഥാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് . ലോകത്തെ ശൈശവ വിവാഹങ്ങളില്‍ 40% ഇന്ത്യയില്‍ ആണെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴുന്ന ദിവസമായി വേണം  അക്ഷയതൃതീയയെ കാണാന്‍.

ഈ ദിവസം ശുഭകാര്യങ്ങള്‍ ആരംഭിക്കുവാന്‍ നല്ലതാണ് എന്ന് ഏതാണ്ട് എല്ലാ ഹൈന്ദവ വിഭാഗങ്ങളും കരുതുന്നു. എന്നാല്‍  അക്ഷയതൃതീയക്ക് സ്വര്‍ണം വാങ്ങാന്‍ അല്ല പുരാണങ്ങളില്‍ പറയുന്നത്. അന്നേ ദിവസം ദാനധര്‍മങ്ങള്‍ നടത്തുക,  വിഷ്ണുവിനെയും ലക്ഷ്മിയേയും സ്തുതിച്ചു കൊണ്ട് പ്രത്യേക പൂജകള്‍ ചെയ്യുക, ഉപവസിക്കുക, ഹോമങ്ങളും യാഗങ്ങളും നടത്തുക എന്നൊക്കെയാണ് പുരാണഗ്രന്ഥങ്ങളില്‍ പറയുന്നത്. ഒറീസയില്‍ കര്‍ഷകര്‍ നിലം ഉഴുതു തുടങ്ങുന്നത് ഈ ദിവസം ആണ്. പുരി ക്ഷേത്രത്തിലേക്കുള്ള രഥയാത്ര പുറപ്പെടുന്നതും അക്ഷയതൃതീയക്കാണ്. വേദവ്യാസന്‍ മഹാഭാരതം എഴുതി തുടങ്ങിയത് അക്ഷയതൃതീയദിവസമാണെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഈ ദിവസം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്നും ചില വിഭാഗങ്ങള്‍ വിശ്വസിക്കുന്നു. അക്ഷയതൃതീയ ദിവസം ആത്മീയകാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും ലൗകിക കാര്യങ്ങള്‍ ഒന്നും ഈ ദിവസം തുടങ്ങിക്കൂടാ എന്നും ചിലര്‍ കരുതുന്നു. ജൈനമതക്കാരും ഈ ദിവസം ചില സവിശേഷ പൂജകള്‍ ചെയ്യുകയും ഒരു മാസത്തെ ഉപവാസം കരിമ്പിന്‍ നീര് കുടിച്ചു അവസാനിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ അക്ഷയതൃതീയയുമായി ബന്ധപെട്ടുകൊണ്ട് പലതരം വിശ്വാസങ്ങള്‍ ആണ് പഴയ കാലത്ത് ഉണ്ടായിരുന്നത്. ഏതോ ഒരു ബുദ്ധിമാനായ സ്വര്‍ണ വ്യാപാരി അക്ഷയതൃതീയയെ സ്വര്‍ണവുമായി ബന്ധിപ്പിച്ചു. അതെന്തായാലും വിജയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കച്ചവടം നടക്കുന്ന രാജ്യം ആണ് ഇന്ത്യ. ഇന്ത്യയില്‍ സ്വര്‍ണം കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം കേരളവുമാണ്. അതുകൊണ്ട് തന്നെ അക്ഷയതൃതീയയുടെ കെണിയില്‍ വീണു കിടക്കുന്നവരില്‍ കൂടുതലും കേരളീയരും ആയിരിക്കാം. മനുഷ്യരുടെ സ്വര്‍ണഭ്രമത്തെ ഭ്രാന്ത്‌ ആക്കി മാറ്റുന്നതില്‍ കച്ചവടക്കാര്‍ എന്ത് അടവും പയറ്റും. അതില്‍ വീഴാതിരിക്കുവനുള്ള തിരിച്ചറിവാണ് മലയാളിക്ക് വേണ്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും