അഫ്ഗാനില്‍ വനിതാ ടി.വി ജേര്‍ണലിസ്റ്റുകള്‍ മുഖം മറക്കണമെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ ഉത്തരവ്. ടി.വി സ്‌ക്രീനില്‍ എത്തുന്ന എല്ലാ വനിതാ പ്രസന്റര്‍മാരും ആങ്കര്‍മാരും മുഖം മറക്കണമെന്നാണ് ഉത്തരവ്. താലിബാന്റെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ മന്ത്രാലയവുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരവ് അന്തിമമാണെന്നും അതില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും മന്ത്രാലയം പറയുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചതായി അഫ്ഗാനിലെ ഒരു പ്രാദേശിക മാധ്യമ സ്ഥാപനവും ടോളോ ന്യൂസും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, താലിബാന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകരും ടെലിവിഷന്‍ പ്രസന്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുഖം മറക്കുന്ന തരത്തില്‍ മാസ്‌ക് ധരിച്ചുകൊണ്ട് ടി.വി പരിപാടി അവതരിപ്പിക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതിഷേധം. ”സ്ത്രീകള്‍ മായ്ക്കപ്പെടുന്നു, വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവ്,” എന്നാണ് മാസ്‌ക് ധരിച്ചുകൊണ്ട് ടെലിവിഷനില്‍ പരിപാടി അവതരിപ്പിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ടോളോ ന്യൂസ് മാധ്യമപ്രവര്‍ത്തക യല്‍ദ അലി കുറിച്ചത്. നേരത്തെ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കിക്കൊണ്ടും താലിബാന്‍ ഉത്തരവിറക്കിയിരുന്നു. തലസ്ഥാനമായ കാബൂളിലെയും മറ്റ് ചില പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതാണ് നിര്‍ത്തലാക്കിയത്.താലിബാന്‍ ഭരണം കയ്യടക്കുന്നതിന് മുമ്പ് തലസ്ഥാനമായ കാബൂള്‍ അടക്കമുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ സ്വതന്ത്രമായി വാഹനങ്ങള്‍ ഓടിച്ചിരുന്നെന്നും എന്നാലിപ്പോള്‍ താലിബാന്‍ ഇത് നിരോധിച്ചിരിക്കുകയാണെന്നുമാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.താലിബാന്‍ ഭരണം കയ്യടക്കുന്നതിന് മുമ്പ് തലസ്ഥാനമായ കാബൂള്‍ അടക്കമുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ സ്വതന്ത്രമായി വാഹനങ്ങള്‍ ഓടിച്ചിരുന്നെന്നും എന്നാലിപ്പോള്‍ താലിബാന്‍ ഇത് നിരോധിച്ചിരിക്കുകയാണെന്നുമാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സ്‌കൂളുകള്‍ വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍ പറഞ്ഞത്. ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്നായിരുന്നു താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.