സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പെണ്ണിന്‍റെ മാനത്തിന് വിലപറയുന്നവര്‍

വിമെൻ പോയിന്റ് ടീം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന് പുറമേ ലൈംഗിക അടിമകളെ വില്‍ക്കുന്നതിനായി ഐസിസ് വാട്സ്ആപും ടെലഗ്രാമും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തല്‍. കന്യകയാണെന്നും 12,500 ഡോളറിന് വില്‍ക്കുമെന്ന് കാണിച്ച് 15 കാരിയായ യസീദി പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള പരസ്യം പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാം വഴി പ്രചരിച്ചതാണ് ഈ പരസ്യം.


ലൈംഗിക അടിമകളെ ഓണ്‍ലൈനായി വില്‍പനയക്ക് വെച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വാട്സ്ആപ്പും ടെലഗ്രാമും വഴിയുള്ള വ്യാപാരം. കഴിഞ്ഞമാസമാണ് ഫെയ്സ്ബുക്കില്‍ ഐഎസ് ഭീകരന്‍ യസീദി പെണ്‍കുട്ടി വില്‍പ്പനക്കുണ്ടെന്ന പോസ്റ്റ് ഇട്ടത്. 18 വയസു പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പമുള്ള ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു 'ഇവള്‍ വില്‍പനയ്ക്ക്, അടിമയെ വാങ്ങാന്‍ ആഗ്രഹിക്കുന്ന സഹോദരന്‍മാര്‍ക്കായി ഇവള്‍ ഈ അടിമ, ഇതിന് 8000 ഡോളര്‍ മാത്രം' എന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

അബു ആസാദ് അല്‍മാനിയെന്ന പേരിലുള്ള ഐഎസ് ഭീകരന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ലൈംഗിക അടിമകളെ വില്‍പനയ്ക്കു വെച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മെയ് 20ന് ആണ് ഇത്തരത്തിലൊരു പോസ്റ്റ് ഫെയ്സ്ബുക്കിലെത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ചിത്രവും ഇതേ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. കരഞ്ഞു തളര്‍ന്ന മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം ഇത്തവണ. 'മറ്റൊരു അടിമ, ഇവള്‍ക്കും 8000 ഡോളര്‍'. എന്നായിരുന്നു വാചകം.

അറബിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം സംഭാഷണങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍ക്കും ടാക്ടിക്കല്‍ ഗിയറിനും പൂച്ചകള്‍ക്കുമെല്ലാമുള്ള പരസ്യത്തിനൊപ്പമാണ് പ്രചരിച്ചിട്ടുള്ളത്. ഖാലിഫ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഐസിസിന്റെ ആധിപത്യത്തിന് വിള്ളലേറ്റുതുടങ്ങിയതോടെ 3000 ലൈംഗിക അടിമകളെ വിറ്റ് പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഐസിസ്. സിറിയയിലും ഇറാഖിലുമുള്ള ഐസിസ് അധീനപ്രദേശങ്ങള്‍ ഐസിസ് കൈമോശം വരുന്ന സാഹചര്യത്തിലാണ് വിവാദ പരസ്യവുമായി ഐസിസ് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക്, വാട്‌സ്ആപ്, ടെലഗ്രാം എന്നിവ വഴിയാണ് ഐസിസിന്റെ അടിമവില്‍പ്പന നടക്കുന്നത്. ഫോട്ടോഗ്രാഫുകള്‍ പ്രചരിപ്പിച്ചാണ് ആളുകളുടെ ശ്രദ്ധ തേടുന്നത്. ഉടമസ്ഥരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചുവെച്ചാണ് ഐഎസ് ചെക്ക് പോയിന്റുകളിലൂടെ ലൈംഗിക അടിമകള്‍ രക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നത്. അടിമകളെ രക്ഷപ്പെടാന്‍ സഹായിക്കുന്നവരെ കൊന്നൊടുക്കിയും ഈ ശ്രമങ്ങള്‍ ഐഎസ് തടയുന്നു.



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും