ആറാമത് ക്വിയര്‍ പ്രൈഡ് കേരളം സംഘാടക സമിതി യോഗം മേയ് 3നു ഉച്ച തിരിഞ്ഞ് 2 മണിക്ക് തൃശൂര്‍ സഹയാത്രിക ഓഫീസില്‍ നടക്കുന്നു. ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ആറാമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നതിനായാണ് സംഘാടകസമിതി ചെരുന്നത്, ലൈംഗികന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടേയും കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരുപാട് വ്യക്തികളുടെയും സംഘടനകളുടെയും പ്രയത്നമാണ് 2010 മുതല്‍ കേരളത്തില്‍ സംഘടിപ്പിച്ചുപോരുന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമം 377 ആം വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും മറ്റെല്ലാവരേയും പോലെ ആഘോഷിക്കാനും വേണ്ടിയാണ് ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാനമായ ആ വിധി അസാധുവാക്കിക്കൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധി കല്‍പ്പിച്ചപ്പോള്‍ ഇന്ത്യയിലെ ലക്ഷോപലക്ഷം വരുന്ന സമുദായാംഗങ്ങള്‍ പ്രതിസന്ധിയില്‍ ആയി. ലൈംഗിക ന്യൂനപക്ഷങ്ങളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്നും അവര്‍ക്ക് പ്രത്യേക പരിഗണനയും നിയമ പരിരക്ഷയും നല്‍കണമെന്നും കോടതി പറഞ്ഞെങ്കിലും സുപ്രീം കോടതി വിധി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു തിരിച്ചടിയായി. ഇന്ത്യയിലെ നൂറുകണക്കിനു സംഘടനകളും ആയിരക്കണക്കിന് വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും ലൈംഗിക ന്യൂനപക്ഷാവകാശങ്ങള്‍ക്കായി നിരന്തരം നിയമത്തോടും ഭരണകൂടത്തോടും കപട സദാചാര വാദികളായ രാഷ്ട്രീയക്കാരോടും അവരുടെ അണികളോടും മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പരിപാടികളും വിജയിപ്പിക്കണമെന്നു ക്വിയര്‍ പ്രൈഡ് കേരളം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സഹയാത്രിക, 18/ 248, ഒന്നാം നില, പൂത്തോള്‍, നേതാജി റോഡ്, എന്‍ എസ് ബിള്‍ഡിങ്ങിനു പുറകുവശം, പടിഞ്ഞാറെ കോട്ട, തൃശ്ശൂര്‍. ഫോണ്‍: 9744955866, 9744130343, 9809477058