ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മേവിസ് അല്‍വാസ് എന്ന യുവതിയാണ് മറഡോണയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. മറഡോണ മയക്കുമരുന്നിന് അടിമയായി ചികിത്സയ്ക്കു വേണ്ടി ക്യൂബയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായതെന്ന് മേവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് 16 വയസുണ്ടായിരുന്നപ്പോള്‍ മറഡോണ പീഡിപ്പിക്കുയായിരുന്നുവെന്നും ഒരു ക്ലിനിക്കില്‍ വെച്ചാണ് പീഡനം നടന്നതെന്നും മേവിസ് വ്യക്തമാക്കി.”അയാള്‍ എന്റെ വായ പൊത്തിപിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതിനെകുറിച്ച് എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല,’ മേവിസ് പറയുന്നു. ”അയാള്‍ ചെയ്ത പ്രവര്‍ത്തി എന്നെയൊരു പെണ്‍കുട്ടിയല്ലാതാക്കി. എന്റെ കുട്ടിക്കാലം മറഡോണ നശിപ്പിച്ചു. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന ഒരു സന്തോഷവും എനിക്ക് അനുഭവിക്കാന്‍ പറ്റിയില്ല. ആ ആഘാതത്തില്‍ നിന്നും പുറത്തുകടക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു,” മേവിസ് കൂട്ടിച്ചേര്‍ത്തു. മറഡോണയ്ക്ക് ഫിദല്‍ കാസ്‌ട്രോയുമായി വളരെയടുത്ത ബന്ധമായതിനാല്‍ ക്യൂബന്‍ ഗവണ്‍മെന്റും വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. അതുകൊണ്ട് തന്റെ കുടുംബത്തിന് ഒന്നുംതന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും മേവിസ് പറഞ്ഞു. ക്യൂബന്‍ ഗവണ്‍മെന്റ് വിഷയത്തില്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ തന്റെ കുടുംബം ഒരിക്കലും മറഡോണ ചെയ്ത തെറ്റ് ക്ഷമിക്കില്ലായിരുന്നു. നല്ലതല്ലാത്തൊരു കാര്യത്തെ അംഗീകരിക്കാന്‍ തന്റെ കുടുംബം നിര്‍ബന്ധിതരായെന്നും മേവിസ് പറഞ്ഞു.മറഡോണ 2020 നവംബര്‍ 25നാണ് മരിച്ചത്. മറഡോണ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ആരോപണവുമായി മേവിസ് അല്‍വരാസ് രംഗത്തെത്തിയിരിക്കുന്നത്. മറഡോണയ്‌ക്കെതിരെ ഇതിനുമുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറഡോണ മരിച്ചതിന് ശേഷം നടന്ന സ്പാനിഷ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വനിത ടീമിലെ മറ്റുള്ളവര്‍ ഒരു മിനുറ്റ് മൗനം ആചരിച്ചപ്പോള്‍ മിഡ്ഫീഡര്‍ പോള ഡാപെന തിരിഞ്ഞിരുന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മറഡോണയ്‌ക്കെതിരെ നിലനിന്നിരുന്ന ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.