സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

'സ്ത്രീകള്‍ മന്ത്രിയാവേണ്ടവരല്ല, പ്രസവിക്കേണ്ടവര്‍, ഇസ്‌ലാമിക ധാര്‍മ്മികത പഠിപ്പിക്കേണ്ടവര്‍'; താലിബാന്റെ സ്ത്രീവിരുദ്ധ പ്രസ്താവന

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകള്‍ മന്ത്രിമാരാകേണ്ടവരല്ല കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടവരാണെന്ന് താലിബാന്‍ വക്താവ്. ടോളോ ന്യൂസിന് താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.

” ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല, അവള്‍ക്ക് താങ്ങാനാവാത്ത എന്തെങ്കിലും നിങ്ങള്‍ അവളുടെ കഴുത്തില്‍ വെച്ചുകെട്ടുന്നത് പോലെയാവും അത്. സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല.
 
അവര്‍ പ്രസവിക്കണം. വനിതാ പ്രതിഷേധക്കാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാന്‍ കഴിയില്ല,”ഹാഷിമി ടോളോ ന്യൂസിനോട് പറഞ്ഞു.തെരുവുകളില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് ജന്മം നല്‍കുകയും അവരെ ഇസ്‌ലാമിക ധാര്‍മ്മികതയെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് ഇയാളുടെ വാദം.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങുന്ന സ്ത്രീകളെ താലിബാന്‍ അംഗങ്ങള്‍ തോക്കുകളുമായി നേരിടുന്നതിന്റെ നിരവധി ചിത്രങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്യുന്നത്.

പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്ത്രീകളെ പിരിച്ചുവിടാന്‍ താലിബാന്‍ വെടിയുതിര്‍ത്തതായി വാര്‍ത്തകളുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാകൃതമായ മാര്‍ഗരേഖ താലിബാന്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മുഖം മറയ്ക്കണം, ക്ലാസ് റൂമുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം, പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ തന്നെ പഠിപ്പിക്കണം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക വാതിലുകള്‍ വേണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടവേളകളില്‍ ഒരുമിച്ച് ഇടപഴകാതിരിക്കാന്‍ പെണ്‍കുട്ടികളുടെ ക്ലാസുകള്‍ അഞ്ച് മിനിറ്റ് മുമ്പായി അവസാനിപ്പിക്കണം, സഹപാഠികളായ ആണ്‍കുട്ടികള്‍ കോളേജ് പരിസരം വിട്ടുപോകുന്നതുവരെ പെണ്‍കുട്ടികള്‍ വിശ്രമമുറികളില്‍ തുടരണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു മാര്‍ഗരേഖയിലുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും