അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുന്നതിനായി താലിബാന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് അഫ്ഗാന്‍ ജനത. രാജ്യത്തെ കലാകാരന്മാരും സ്ത്രീകളുമെല്ലാം താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനെ വലിയ ആശങ്കയോടെയാണ് കാണുന്നത്. താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയാല്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാന്‍ സംവിധായിക സഹ്‌റ കരിമി. അഫ്ഗാനില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ലോകം പ്രതികരിക്കാതിരിക്കുന്നതിനെതിരെയും സഹ്‌റ കരിമി തുറന്ന കത്തിലൂടെ വിമര്‍ശിച്ചു. ‘എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാന്‍ ഏറ്റെടുത്താല്‍ അവര്‍ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ്‌ലിസ്റ്റില്‍ അടുത്തതായിരിക്കാം. അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്‌കാരം നിശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും.താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി. താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അതിന്റെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു,’ സഹ്‌റ കരിമി എഴുതിയ കത്തില്‍ പറയുന്നു. താലിബാന്‍ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയാണെന്നും പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി വില്‍ക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ വൃത്തിഹീനമായ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവിടെ പാല്‍ പോലും ലഭിക്കാനില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന അവസ്ഥയിലാണെന്നും സഹ്‌റ പറയുന്നു. ഏറെ നാളുകളായി ലോകം ഇതിനോടെല്ലാം കടുത്ത നിശബ്ദതയാണ് പാലിക്കുന്നതെന്ന് അറിയാമെങ്കിലും അഫ്ഗാന്‍ ജനതയെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് തെറ്റാണെന്ന് സഹ്‌റ പറഞ്ഞു. അഫ്ഗാന് പുറത്തുള്ള ലോകം തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കാനായി സഹായിക്കണമെന്നും സഹ്‌റ അഭ്യര്‍ത്ഥിച്ചു. ‘ദയവായി ഇക്കാര്യങ്ങള്‍ നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് എഴുതുക. ലോകം ഞങ്ങളോട് മുഖം തിരിക്കരുത്. അഫ്ഗാന്‍ സ്ത്രീകള്‍, കുട്ടികള്‍, കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ട ഏറ്റവും വലിയ സഹായം ഇതാണ്. ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങള്‍,’ സഹ്‌റയുടെ കത്തിന്റെ അവസാന ഭാഗത്ത് പറയുന്നു. സഹ്‌റയുടെ കത്ത് ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വലിയ ചര്‍ച്ചകള്‍ക്ക് ഈ കത്ത് വഴിവെച്ചിട്ടുണ്ടെങ്കിലും താലിബാനെതിരെ ലോകരാഷ്ട്രങ്ങളില്‍ നിന്നും കര്‍ശനമായ നടപടികളുണ്ടായിട്ടില്ല. അഫ്ഗാനിലെ പ്രധാന പ്രവിശ്യകളെല്ലാം താലിബാന്‍ കയ്യടക്കി കഴിഞ്ഞു. തലസ്ഥാന നഗരമായ കാബൂളിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങളും താലിബാന്‍ പരിധിയിലായി.പോരാട്ടം തുടരുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും നിലവിലെ സര്‍ക്കാരിന് താലിബാനെതിരെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുളെല്ലാം സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ അഫ്ഗാന്‍ പൂര്‍ണ്ണമായും താലിബാന്‍ പരിധിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം ആരംഭിച്ചു കഴിഞ്ഞു. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്.