ബിക്കിനി ധരിക്കാതെ ഷോട്‌സ് ധരിച്ച് കളിക്കാനിറങ്ങിയ നോര്‍വേയുടെ വനിതാ ബീച്ച് ഹാന്‍ഡ്‌ബോള്‍ ടീമിന് 1500 യൂറോ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഗായികയും ഗ്രാമി പുരസ്‌കാര ജേതാവുമായ പിങ്ക്. നോര്‍വെ ടീമിന് ചുമത്തിയ പിഴത്തുക താന്‍ അടക്കുമെന്ന് പിങ്ക് പറഞ്ഞു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം. ‘ വസ്ത്രധാരണത്തിലെ സെക്‌സിസ്റ്റ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നോര്‍വീജിയന്‍ വനിതാ ബീച്ച് ഹാന്‍ഡ്ബോള്‍ ടീമിനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സെക്‌സിസം നടപ്പാക്കുന്ന യൂറോപ്യന്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷനാണ് പിഴ ചുമത്തേണ്ടത്. നിങ്ങളുടെ പിഴത്തുക അടയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിങ്ക് ട്വീറ്റ് ചെയ്തു. അതേസമയം തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് ടീമംഗങ്ങള്‍ നന്ദി അറിയിച്ചിട്ടുണ്ട്.തിങ്കളാഴ്ചയാണ് യൂറോപ്യന്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ നോര്‍വീജിയന്‍ വനിതാ താരങ്ങള്‍ക്ക് പിഴ ചുമത്തിയത്. ഒരാള്‍ 150 യൂറോയാണ് പിഴയൊടുക്കേണ്ടത്.ഷോര്‍ട്‌സ് ധരിച്ച് കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍വെ താരങ്ങള്‍ സംഘാടകരെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ബിക്കിനി ബോട്ടം വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഇന്റര്‍നാഷണല്‍ ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം. ടീമിന് പിഴ ചുമത്തിയെതിനെതിരെ കടുത്ത പ്രതികരണവുമായി നോര്‍വേ രംഗത്തെത്തിയിട്ടുണ്ട്. കായിക ലോകത്ത് നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിന് നല്ലൊരു ഉദാഹരണമാണ് ഈ പിഴ ശിക്ഷ എന്നാണ് നോര്‍വേ സാംസ്‌കാരിക, കായിക വകുപ്പ് മന്ത്രി ആബിദ് രാജ പ്രതികരിച്ചത്.