സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലോക്ക്ഡൗണില്‍ ദുരിതത്തിലായ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി അടിയന്തിര നടപടികള്‍ വേണം: സേവ യൂണിയന്‍

വിമെന്‍ പോയിന്‍റ് ടീം

കൊവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും മൂലം ദുരിതത്തിലായ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ യൂണിയന്‍. കൊവിഡിന്റെ ആധിക്യം മൂലമുണ്ടായ രോഗാവസ്ഥയും തൊഴില്‍ നഷ്ടവും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളെയാണെന്നും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും സേവ യൂണിയന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ധര്‍ണയില്‍ ആവശ്യപ്പെട്ടു.

കൊവിഡ് ഒന്നാം തരംഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മോചിതരായിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിലും തീവ്രതയോടെ രണ്ടാം തരംഗം എല്ലാ മേഖലകളെയും പിടിച്ചു കുലുക്കിയത്. തൊഴില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും രോഗം പിടിപെടുകയും ചെയ്ത സാഹചര്യത്തിലൂടെയാണ് അസംഘടിത മേഖലയിലെ ഭൂരിഭാഗം സ്ത്രീ തൊളിലാളികളും കടന്നുപോകുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ മാത്രമാണ് ഈ ഭൂരിപക്ഷം വരുന്ന കുടുംബങ്ങളുടെയും ആശ്രയം. മരുന്നിനോ പോഷകാഹാരങ്ങള്‍ക്കോ കുടുംബത്തിലെ മറ്റാവശ്യങ്ങള്‍ക്കോ യാതൊരു മാര്‍ഗവുമില്ലാതെ ബുദ്ധിമുട്ടുകയാണിവര്‍. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പാസ്സെടുത്തു കൊണ്ട് ജോലിക്ക് പോകാനുള്ള സാഹചര്യം അനുവദനീയമായിരുന്നുവെങ്കിലും പൊതുഗതാഗത സൗകര്യമില്ലാത്തത് ഭൂരിഭാഗം പേരുടേയും തൊഴില്‍ സാധ്യതയെ ഇല്ലാതാക്കി. മത്സ്യത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെയും കടകളില്‍ ജോലി ചെയ്യുന്നവരുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയുമെല്ലാം അവസ്ഥ ദയനീയമാണെന്ന് സേവ യൂണിയന്‍ പറയുന്നു.ഈ പ്രതിസന്ധികള്‍ക്കിടയില്‍ ചെറുകിട മൈക്രോഫിനാന്‍സ് കട ബാധ്യതകളും തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാവുന്ന മഹാമാരി-പ്രകൃതി ക്ഷോഭ ഭീഷണികള്‍ അസംഘടിത തൊഴിലാളികളുടെ ജീവിതത്തെ തീര്‍ത്തും ദുസ്സഹമാക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ധര്‍ണയില്‍ സ്ത്രീ തൊഴിലാളികള്‍ ഉന്നയിച്ചു.

വിവിധ ജില്ലകളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത സൂം പ്ലാറ്റ്‌ഫോം വഴിയുള്ള ധര്‍ണ സാമൂഹിക പ്രവര്‍ത്തക കെ.അജിതയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് സേവ യൂണിയന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്

1) തൊഴില്‍ നഷ്ടപ്പെട്ട അസംഘടിത മേഖല തൊഴിലാളികള്‍ക്ക് വേതന നഷ്ടപരിഹാരങ്ങള്‍ നല്‍കുക.

2) ഗാര്‍ഹിക തൊഴിലാളികള്‍, മത്സ്യ വിപണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കടകളിലെ ജീവനക്കാര്‍, ഭക്ഷണശാലകളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങിയവരെ വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക

3) പ്രാദേശിക തലങ്ങളില്‍ തൊഴിലവസരങ്ങള്‍ വികസിപ്പിച്ച് അസംഘടിത മേഖലയുടെ നിലനില്‍പ്പിനായുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക

4) കുടുംബശ്രീ മറ്റു മൈക്രോ ഫൈനാന്‍സ് ലോണുകള്‍ക്ക് മൊററ്റോറിയം ഏര്‍പ്പെടുത്തുന്നതോടൊപ്പം ലോക്ക്ഡൗണ്‍ മാസങ്ങളിലെ പലിശയിളവും നല്‍കുക.

5) അസംഘടിത മേഖല തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക. മഹാമാരി, പ്രകൃതി ക്ഷോഭ ഇന്‍ഷുറന്‍സുകള്‍, വേതന നഷ്ട പരിഹാരം, മറ്റു പിന്തുണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലീകരിക്കുക.

6) മത്സ്യമേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് മത്സ്യം വിറ്റഴിക്കാനുള്ള പ്രാഥമികാവകാശവും അതിനുള്ള നൂതന സംവിധാനങ്ങളും ഒരുക്കി സജ്ജമാക്കുക. കൊവിഡ് കാലത്ത് വില്‍പനക്കുള്ള സൗകര്യങ്ങള്‍ അനുവദിക്കുക.

7) ഈറ്റ, കൈത്തറി, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങി പരമ്പരാഗത മേഖലകളില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കി കൊണ്ട് ഉല്‍പാദനം പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുക.

8) ആദിവാസികള്‍ മേഖലകളില്‍ സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക.

9) പ്രാദേശിക തലങ്ങളില്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് ഗ്രാമ പ്രദേശങ്ങളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും നഗര പ്രദേശങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉടനടി പുനരാരംഭിക്കുക.

10) പ്രാദേശിക അംഗനവാടികളും വായനശാലകളിലുമൊക്കെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ പഠന സംവിധാനങ്ങളൊരുക്കുക.

11) കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുമ്പോള്‍ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ട കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും