സുഡാനിലെ കടുത്ത ദാരിദ്ര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച ചിത്രത്തിനു നൃത്താവിഷ്കാരം. കാക്കനാട് ഇൻഫോപാർക്കിലെ ഉദ്യോഗസ്ഥയായ രേഷ്മ യു.രാജ് ആണ് പ്രശസ്ത ഫൊട്ടോഗ്രാഫർ കെവിൻ കാർട്ടറിനു പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത ദൃശ്യത്തെ കുച്ചിപ്പുടിയിൽ ആവിഷ്കരിക്കുന്നത്. ‘ദ് വൾച്ചർ (The Vulture)’ എന്നു പേരിട്ട നൃത്തശിൽപം ‘ജെൻ സി– ജനറേഷൻ ഓഫ് കൾച്ചർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. നാലു രംഗങ്ങളിലായാണ് നൃത്തശിൽപം അവതരിപ്പിക്കുന്നത്.തുടക്കത്തിൽ മരണത്തിന്റെ കൂട്ടാളിയായ കഴുകൻ എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു.കോവിഡിനു ശേഷം ലോകം വീണ്ടും പട്ടിണിയെന്ന ദുരന്തത്തെ നേരിടുന്ന പശ്ചാത്തലത്തിൽ പ്രസക്തിയുള്ള വിഷയമാണിതെന്ന് രേഷ്മ പറയുന്നു.നൃത്തരൂപത്തിൽ ‘ദ് വൾച്ചറി’ന്റെ രചന തയാറാക്കിയത് മീനാക്ഷിയുടെ സഹായത്തോടെയാണ്.പെരിങ്ങനാട് എസ്.രാജനാണ് സംഗീതം നൽകിയത്.ക്ലിസൺ ക്ലീറ്റസ് ആണ് ഛായാഗ്രഹണം. യുഎസ് കേന്ദ്രമായ ഗട്ടർ ബ്ലിസ് ടെമ്പററി ഫെസ്റ്റിവൽ, യുകെ ആസ്ഥാനമായ ലിഫ്റ്റ്–ഓഫ് പൈൻവുഡ് സ്റ്റുഡിയോസ് എന്നീ ചലച്ചിത്രമേളകളിലേക്ക് ഈ നൃത്താവിഷ്കാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മുൻപ്, കുച്ചിപ്പുടിയിലൂടെ നിലത്ത് സിംഹത്തിന്റെ രൂപം വരയ്ക്കുന്ന ‘സിംഹനന്ദിനി’ എന്ന നൃത്തശിൽപവുംരേഷ്മ തയാറാക്കിയിട്ടുണ്ട്. മൂന്നാം വയസ്സിൽ നൃത്ത പരിശീനം ആരംഭിച്ച രേഷ്മ രാഷ്ട്രപതിയുടെ ദേശീയ ബാലശ്രീ അവാർഡ്, കേന്ദ്രസർക്കാരിന്റെ യുവപ്രതിഭാ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2002ൽ തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. രേഷ്മയുടെ ഭർത്താവ് കളമശേരി ഐടിഐ ജീവനക്കാരനും കേരള എൻജിഒ കളമശേരി ഏരിയ സെക്രട്ടറിയുമായ ഡി.പി.ദിപിൻ ആണ് നൃത്താവിഷ്കാരത്തിനു പിന്തുണയേകിയത്. മകൻ ഭവത്രാത് മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.