ഏപ്രിൽ ഒന്നിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്താൻ നിശ്ചയിച്ച മീറ്റ് ദി പ്രസ്സിൽ നിന്ന് വിട്ടു നിന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു, നീതി തേടുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടി അഭിനന്ദനം അറിയിച്ച് വനിതാമാദ്ധ്യമപ്രവർത്തകരുടെ അഖിലേന്ത്യാ കൂട്ടായ്മ . സഹപ്രവർത്തകയെ വീട്ടിൽ കയറി അതിക്രമിച്ച, കുട്ടികളുടെ മുൻപിൽ വച്ചു അവരെ സദാചാര ഗുണ്ടായിസത്തിനു വിധേയയാക്കിയ കേസിലെ പ്രതി എം രാധാകൃഷ്ണനോടൊത്ത് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവർ വേദി പങ്കിടുന്നത്, അയാൾ അപമാനിച്ച മാദ്ധ്യമ പ്രവർത്തകയെ, അപമാനിക്കുന്നത് തുല്യമാകും എന്ന് അഖിലേന്ത്യാ കൂട്ടായ്മ ചൂണ്ടിക്കാട്ടി .സ്ത്രീ സുരക്ഷയും നീതിയും ആവർത്തിച്ചു ഉറപ്പിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ മൂല്യ ബോധത്തിന് അടി വര ഇടേണ്ട ഒന്നാണെന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളോടും അവയെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരോടും മറ്റു പ്രതിനിധികളോടും സമാനമായ അഭ്യർത്ഥന മുന്നോട്ട് വയ്ക്കുന്നതായി വനിതാമാദ്ധ്യമപ്രവർത്തകരുടെ അവർ കൂട്ടിച്ചേർത്തു. രാധാക്യഷ്ണനെതിരെ ആ മാധ്യമ പ്രവർത്തകയ്ക്ക് നീതി ലഭിക്കാൻ NWMI നടത്തിയ സമരം കേരളീയ പൊതു സമൂഹം ഒന്നാകെ ശ്രദ്ധിച്ച ഒരു വിഷയമാണ്. പ്രതിയെ പോലീസ് പ്രസ് ക്ലബിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. അയാൾക്ക് എതിരെ ഐ പി സി 451, 341 . 354 , 323, 34 വകുപ്പുകൾ പ്രകാരം കേസ് എടുക്കയും കുറ്റ പത്രം സമർപ്പിക്കുകയും ചെയ്തതാണ്. അതിക്രമത്തെ അതിജീവിച്ച പത്ര പ്രവർത്തക പ്രതിക്കെതിരെയുള്ള കേസ് പിൻവലിയ്ക്കുന്നു എന്നൊരു അസത്യവും പ്രതിയും കൂട്ടരും പ്രചരിപ്പിയ്ക്കുന്നുണ്ടെന്നും NWMI ക്ക് ഇത് പ്രസ് ക്ലബ് ഭരണത്തിലെ പോരല്ല ; മറിച്ചു സമൂഹ നീതിക്ക് വേണ്ടി പോരാടുന്ന മാദ്ധ്യമ സമൂഹത്തിൽ നിന്ന് തന്നെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വനിതാമാദ്ധ്യമപ്രവർത്തകരുടെ അഖിലേന്ത്യാ കൂട്ടായ്മ അറിയിച്ചു .