സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷമേധാവിത്വം : കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും എ.ഐ.സി.സി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്.

‘ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോ. യു.പിയിലും രാജസ്ഥാനിലുമെല്ലാം സ്ത്രീകള്‍ മുന്നിലിരിക്കും,’ ഷമ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഇത്തരം നിലപാടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.‘ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ഈ പദവിയില്‍ എത്തുന്നത്. പക്ഷേ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എ.ഐ.സി.സി വരുന്നുണ്ടെന്ന് പറയും. പക്ഷേ ഇവിടെ അവര്‍ക്ക് ഞാനൊരു എ.ഐ.സി.സിക്കാരിയൊന്നുമല്ല. ഒരു സാധാരണക്കാരി മാത്രം,’ ഷമ പറഞ്ഞു.

ഇപ്പോള്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും ഷമ പറഞ്ഞു.‘സംവരണം നടപ്പിലാക്കണം. കേന്ദ്രസര്‍ക്കാരിന് നിയമം പാസ്സാക്കാം. എന്നാല്‍ മോദി സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നയം. കോണ്‍ഗ്രസിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാം. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ല,’ ഷമ പറഞ്ഞു.

ഷമ മുഹമ്മദ് കണ്ണൂരില്‍ മത്സരിച്ചേക്കുമെന്നുള്ള സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും