ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് കര്‍ഷകര്‍. കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയത്. ‘പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യത്തെ പൊലീസ് സേനയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. യാതൊരു നിയമനടപടികളും പിന്തുടരാതെ പരിസ്ഥിതി പ്രവര്‍ത്തകയായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെയും അപലപിക്കുന്നു. ദിശയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം’, കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്ത് ഫെബ്രുവരി 18ന് ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദിശ രവിയുടെ അറസ്റ്റിനെ അപലപിച്ച് കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. 21 കാരിയായ ദിശയെ അറസ്റ്റ് ചെയ്തതിലൂടെ മനുഷ്യത്വമില്ലെന്ന് തെളിയിക്കുകയാണ് ഭീരുവായ മോദി സര്‍ക്കാര്‍ എന്നായിരുന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ പ്രതികരണം. ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.