ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സ്വിസ് സര്‍ക്കാര്‍. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധനയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി സ്വിസ് സര്‍ക്കാര്‍ രംഗത്തെത്തിയത്. ബുര്‍ഖ, നിഖാബ് തുടങ്ങിയ എല്ലാ മുഖാവരണങ്ങളും നിരോധിക്കണമെന്ന വിഷയത്തില്‍ മാര്‍ച്ച് 7നാണ് ഹിതപരിശോധന നടക്കാനിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നിയമപ്രകാരം 100,000 ഒപ്പുകളുടെ പിന്തുണയുമായി എത്തുന്ന ഏത് ഹരജിയും ഹിതപരിശോധനക്ക് എടുക്കും. ഈ ചട്ടപ്രകാരമാണ് ഇപ്പോള്‍ ബുര്‍ഖാനിരോധനത്തിനുള്ള ഹിതപരിശോധനയും നടക്കുന്നത്. ലിംഗാടിസ്ഥാനത്തില്‍ മുഖാവരണം ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നു കൂടി ഹിതപരിശോധനാ ഹരജിയില്‍ പറയുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചില പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിലൂടെ മുഖം മുഴുവന്‍ മൂടുന്ന ആവരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പക്ഷെ രാജ്യവ്യാപകമായി ഭരണഘടനാപ്രകാരമുള്ള നിരോധനം തന്നെ കൊണ്ടുവരുന്നത് നല്ല കാര്യമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.