യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ ആരോപണവുമായി ഹിലരിയുടെ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഹിലരി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നും പണം കൈപ്പറ്റിയെന്ന് ട്രംപ് ആരോപിച്ചു. ഹിലരിയും അവരുടെ ട്രസ്റ്റായ ക്ലിന്റണ്‍ ഫൗണ്ടേഷനും ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്ന് ഇന്ത്യ-യുഎസ് ആണവ കരാറിനുവേണ്ടിയാണ് പണം കൈപ്പറ്റിയതെന്നും ട്രംപ് പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയ 35 പേജ് വരുന്ന പുസ്തകത്തിലാണ് ട്രംപിന്റെ ആരോപണങ്ങള്‍. 2008ല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ അമര്‍സിംഗ് പത്ത് ലക്ഷം മുതല്‍ 50 ലക്ഷം ഡോളര്‍ വരെ ക്ലിന്റണ്‍ ഫൗണ്ടേഷന് നല്‍കി. 2008ല്‍ അമര്‍സിംഗ് അമേരിക്ക സന്ദര്‍ശിക്കുകയും ആണവ കരാറിനായി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഡെമോക്രറ്റിക് അംഗങ്ങള്‍ കരാറിനെ തടയില്ലെന്ന് ഉറപ്പുനല്‍കിയിരുന്നതായും ട്രംപ് ആരോപിക്കുന്നു. 2008 ല്‍ തന്നെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ക്ലിന്റണ്‍ ഫൗണ്ടേഷന് നല്‍കിയെന്നും ട്രംപ് പുസ്തകത്തില്‍ പറയുന്നു