സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സ്ത്രീകളുടെ ട്രാക്ടര്‍ പരേഡ്

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍. ജനുവരി 26 ന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹരിയാനയിലെ കര്‍ഷക കുടുംബത്തിലെ സ്ത്രീകളും രംഗത്തെത്തി.

ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനത്തിന് സമയം കണ്ടെത്തുകയാണ് ഹരിയാനയിലെ സ്ത്രീകളിപ്പോള്‍. റിപ്പബ്ലിക് ദിനത്തില്‍ രണ്ടാം മാസത്തിലേക്ക് കടക്കുന്ന കര്‍ഷക സമരത്തില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇവര്‍.

ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിനുള്ള സൂചന മാത്രമാണിതെന്നും ഉടന്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സാഫഖേരി ജില്ലയിലെ സിക്കിം നായിന്‍ എന്ന സ്ത്രീ പറഞ്ഞു.

‘ഇത് സര്‍ക്കാരിനുള്ള ട്രെയിലറാണ്. ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാന്‍, വേണ്ടി വന്നാല്‍ ചെങ്കോട്ടയിലേക്കും ഞങ്ങള്‍ ട്രാക്ടര്‍ ഓടിച്ചെത്തും. അതൊരു ചരിത്ര സംഭവമായി മാറും’, നായിന്‍ പറഞ്ഞു.ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും നായിന്‍ കൂട്ടിച്ചേര്‍ത്തു. പോര്‍ക്കളത്തില്‍ ഇനി കാണാന്‍ പോകുന്നത് സ്ത്രീശക്തിയാണെന്നും നായിന്‍ പറഞ്ഞു.

‘ഇന്ന് നമുക്ക് പോരാടാന്‍ പറ്റുന്നില്ലെങ്കില്‍ ഭാവി തലമുറയോട് നമ്മളെന്ത് മറുപടിയാണ് പറയുക?’, നായിന്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അക്രമങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഇനിയും തങ്ങള്‍ക്കാവില്ലെന്ന് ഖട്കര്‍ ഗ്രാമത്തിലെ കര്‍ഷകന്റെ മകളായ സരോജ് പറയുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനു ശേഷം തങ്ങളുടെ ട്രാക്ടര്‍ ട്രോളികളുമായി റാലി സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന സര്‍ക്കാര്‍ പ്രചരണത്തെ പ്രതിരോധിക്കാന്‍ ദേശം ഉണരൂ പരിപാടി ജനുവരി ആറുമുതല്‍ 20 വരെ ദേശവ്യാപകമായി സംഘടിപ്പിക്കും.

റാലികളും കോണ്‍ഫറന്‍സുകളും ധര്‍ണകളും ഇതിന്റെ ഭാഗമായി നടക്കും. ലോഡി, സംക്രാന്തി ദിവസങ്ങള്‍ കിസാന്‍ സങ്കല്പദിനമായി ആചരിക്കും. കാര്‍ഷിക കരിനിയമങ്ങളുടെ കോപ്പികള്‍ അന്ന് കത്തിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.കാര്‍ഷിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം അടിവരയിടാന്‍ ജനുവരി 18 മഹിളാ കിസാന്‍ ദിനമായി ആചരിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് ആസാദ് ഹിന്ദ് കിസാന്‍ ദിവസമായും കൊണ്ടാടും. എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികള്‍ക്കു മുന്നിലും ഇതിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും