സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൂസനെ മറക്കാതെ അമേരിക്കന്‍ സ്ത്രീ വോട്ടര്‍മാര്‍

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയായിരുന്ന സൂസന്‍ ബി. ആന്റണിയെ ഇത്തവണയും മറക്കാതെ അമേരിക്കയിലെ സ്ത്രീവോട്ടര്‍മാര്‍. ന്യൂയോര്‍ക്കിലെ റോചെസ്റ്ററില്‍ സൂസന്റെ ശവകുടീരത്തിനു മുകളില്‍ ഐ വോട്ടഡ് എന്നെഴുതിയ നൂറു കണക്കിന് സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നത്.

2016 ലെ തെരഞ്ഞെടുപ്പിലും സൂസന്റെ ശവകുടീരം ഈ സ്റ്റിക്കറുകളാല്‍ നിറഞ്ഞിരുന്നു. എന്നാല്‍ അന്ന് സ്റ്റിക്കറുകള്‍ പതിച്ചത് മാറ്റാതെ വെച്ചത് പിന്നീട് സൂസന്റെ മാര്‍ബിള്‍ ശവകുടീരത്തിനു മുകളില്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശവകുടീരത്തിനു മുകളില്‍ ഒരു കവര്‍ വിരിച്ചിട്ടുണ്ട്. ഇതിനു മുകളിലാണ് ഇത്തവണ സ്റ്റിക്കറുകള്‍ പതിച്ചത്.

അമേരിക്കന്‍ സ്ത്രീകള്‍ മറക്കാത്ത സൂസന്‍

1802 കാലഘട്ടത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാനായും അടിമത്ത സമ്പ്രദായത്തിനെതിരെയും പോരാടിയ ധീരവനിതയാണ് സൂസന്‍. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷം 14ാം ഭേദഗതിയിലൂടെ രാജ്യത്ത് ജനിച്ചുവളര്‍ന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചു. കറുത്തവര്‍ഗക്കാര്‍ക്കും വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചെങ്കിലും അപ്പോഴും സ്ത്രീകള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലും വോട്ടവകാശം ലഭിച്ചിരുന്നില്ല.

1872 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമം ലംഘിച്ച് സൂസന്‍ ന്യൂയോര്‍ക്കിലെ റോചസ്റ്ററില്‍ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. പിഴയായി 100 ഡോളര്‍ അടയ്ക്കാന്‍ ശിക്ഷ വിധിച്ചെങ്കിലും ഇവര്‍ ഇതിനു തയ്യാറായില്ല.

ജനാധിപത്യ അവകാശമായ വോട്ട് രേഖപ്പെടുത്തല്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സൂസന്‍ വീണ്ടും ഉറക്കെ പറഞ്ഞു. കാലക്രമേണ ചില സംസ്ഥാനങ്ങള്‍ വോട്ടവാകാശം സ്ത്രീകള്‍ക്കും നല്‍കിത്തുടങ്ങി.1920 ഓഗസ്റ്റിലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ട് അമേരിക്കന്‍ ഭരണഘടനയില്‍ 19ാം ഭേദഗതിയിലൂടെ മാറ്റം വരുത്തിയത്. എന്നാല്‍ അപ്പോഴേക്കും സൂസന്‍ മരിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞിരുന്നു. തങ്ങള്‍ക്കിന്നു ലഭിച്ച അവകാശങ്ങള്‍ക്കായി നിരന്തരം പൊരുതിയ ഈ സ്ത്രീയോടുള്ള ആദര സൂചകമായി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഒരു പറ്റം സ്ത്രീകള്‍ ഇവിടെയെത്തി ഐ വോട്ടഡ് എന്ന സ്റ്റിക്കറുകള്‍ സൂസന്റെ ശവകുടീരത്തിനു മുകളില്‍ പതിക്കും…

സൂസന് മാപ്പ് നല്‍കിയ ട്രംപ്

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂസനെ രാഷ്ടീയായുധമാക്കാന്‍ നീക്കം നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ഭരണഘടനയുടെ 19-ാം ഭേദഗതിയുടെ 100ാം വാര്‍ഷിക ദിനമായിരുന്ന 2020 ഓഗസ്റ്റ് 18 ന് സൂസനെതിരെയുള്ള പഴയ കേസില്‍ മാപ്പു നല്‍കുന്നെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാര്‍ ഡെമോക്രാറ്റ് പാര്‍ട്ടിയെ ആണ് കൂടുതലും പിന്തുണയ്ക്കുന്നതെന്ന റിപ്പോര്‍ട്ടിനിടെയായിരുന്നു ട്രംപിന്റെ നീക്കം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും