അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രഡിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ വംശജയായ, തമിഴ് പാരമ്പര്യമുള്ള കമല ഹാരിസാണ്. നേരത്തെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി വേദികളില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ കടുത്ത വിമര്‍ശകയായിരുന്ന കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത് മുതല്‍ ഏറെ ചര്‍ച്ചകളും വിവാദങ്ങളും കമല ഹാരിസുമായി ബന്ധപ്പെട്ട് അരങ്ങേറിയിരുന്നു. ആരാണ് കമല ഹാരിസ്, എങ്ങിനെയാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അവര്‍ നിര്‍ണായകമായ വളര്‍ച്ച കൈവരിച്ചത്? അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ കറുത്ത വംശജയായ സ്ത്രീകൂടിയാണ് കമല ഹാരിസ്. അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന നാലാമത്തെ വനിതയാണിവര്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി അവര്‍ മാറി. ജോ ബെഡനേക്കാള്‍ ഊര്‍ജസ്വലമായ പ്രചരണ ശൈലിയാണ് കമല ഹാരിസിനെ വ്യത്യസ്തയാക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവും പലരിലും പ്രചോദനമുളവാക്കുന്നതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചില ഇടതുപക്ഷ നിര്‍ദേശങ്ങള്‍ അവര്‍ അംഗീകരിച്ചിരുന്നു. അതിനോടൊപ്പം തന്നെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രയോഗികമല്ലാത്ത ഭരണ നിര്‍ദേശങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്ന കമലഹാരിസിന്റെ നിലപാടുകള്‍ക്കെതിരെ പല കോണില്‍ നിന്നും എതിര്‍പ്പുകളും ഉയരുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രഈല്‍ പാലിക്കുന്നുണ്ടോ എന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അവരുടെ മറുപടി. കുടുംബം തമിഴ്‌നാട്ടില്‍ നിന്നുള്ള ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. ഇരുവരും അക്കാദമിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. ശ്യാമള ഗോപാലന്‍ ക്യാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ഗവേഷണം ചെയ്യുകയായിരുന്നു. ഡൊണാള്‍ഡ് ഹാരിസ് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ബിരുദ പഠനകാലത്താണ് ഇവരിരുവരും കണ്ടുമുട്ടുന്നത്. ഇരുവരും സിവില്‍ റൈറ്റ് മൂവ്‌മെന്റില്‍ പങ്കാളികളായിരുന്നു.ഓക്‌ലാന്‍ഡിലായിരുന്നു കമല ഹാരിസിന്റെ കുട്ടിക്കാലം. കമലയ്ക്ക് ഏഴ് വയസുള്ളപ്പോള്‍ ശ്യാമള ഗോപാലനും ഡൊണാള്‍ഡ് ഹാരിസും വിവാഹ മോചിതരാവുകയായിരുന്നു. ഇതിന് ശേഷം ശ്യമാള ഗോപാലാനാണ് കമലയെ വളര്‍ത്തിയത്. രണ്ട് കറുത്ത വംശജരായ മക്കളെയാണ് വളര്‍ത്തുന്നത് എന്ന ബോധ്യവും ഞങ്ങള്‍ ശക്തരും ആത്മവിശ്വാസവുമുള്ള സ്ത്രീകളായി വളരണമെന്നുമുളള നിര്‍ബന്ധവും തന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നവെന്നും ഇത് തന്നെ കൂടുതല്‍ കരുത്തയാകാന്‍ സഹായിച്ചിരുന്നുവെന്നും കമല പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ബ്ലാക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലും അമ്പലങ്ങളിലും താന്‍ പോകാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. സ്വാതന്ത്യ സമരസേനാനിയായിരുന്ന തന്റെ മുത്തച്ഛന്റെ സ്വാധീനം തന്നിലുണ്ടായിരുന്നുവെന്നും കമല പറഞ്ഞിട്ടുണ്ട്. ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് കോണ്‍ഫറന്‍സില്‍ ആഫ്രിക്കന്‍ അമേരിക്കനായാണോ അതോ ഇന്ത്യന്‍ അമേരിക്കനായാണോ സ്വയം വിശേഷിപ്പിക്കുന്നത് എന്ന ചോദ്യത്തിന് താന്‍ ഒരു പ്രൗഡ് അമേരിക്കനാണ് എന്നായിരുന്നു കമലയുടെ മറുപടി. തന്റെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വം മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. ഹവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കമല ഹാരിസ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനെടെയാണ് അമേരിക്കന്‍ സെനറ്റിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പുതുവഴികളിലൂടെയായിരുന്നു കമല തന്റെ കരിയര്‍ സൃഷ്ടിച്ചെടുത്തത്.അല്‍മെഡ ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസില്‍ നിരവധി വര്‍ഷം അവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സാന്‍സ്ഫ്രാന്‍സിസ്‌ക അറ്റോണി ജനറലായും കാലിഫോണിയ അറ്റോണി ജനറലായും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമമേഖലയിലേക്ക് കമല ഹാരിസ് തിരിഞ്ഞത് വീട്ടുകാരില്‍ ചെറിയ തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു. ക്രിമിനല്‍ ജസ്റ്റിഡ് ഡാറ്റ പൊതുമധ്യത്തിലെത്തിക്കുന്നതില്‍ കലമ ഹാരിസിന് നിര്‍ണായ സ്വാധീനമുണ്ടായിരുന്നു. ഇത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പരുക്കേല്‍ക്കുന്നവരെയും കൊല്ലപ്പെടുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുമധ്യത്തിലെത്തതാന്‍ സഹായകമായി.റിപ്പബ്ബിക്കന്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകയാണ് കമല ഹാരിസ്. ട്രംപ് ഭരണത്തിനെതിരെ നിരവധി തവണ വിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കമല ഹാരിസിനെ ബരാക്ക് ഒബാമയുമായാണ് നിരന്തരം താരതമ്യം ചെയ്യാറുള്ളത്. മള്‍ട്ടി റേഷ്യല്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്ന് വന്ന ആളുകളായതുകൊണ്ടാണ് ഈ താരതമ്യം. എന്നാല്‍ ഫീമെയില്‍ ബാരാക്ക് ഒബാമ എന്ന വിളികളെ കമല ഹാരിസിനെ പിന്തുണയ്ക്കുന്നവര്‍ അംഗീകരിക്കാറില്ല. അവര്‍ സ്വന്തമായ വ്യക്തിത്വമുള്ളയാളാണ് എന്നാണ് അവര്‍ പറയാറുള്ളത്. കമല ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കറുത്തവര്‍ഗക്കാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും കുടിയേറ്റക്കാര്‍ക്കിടിയും വലിയൊരു മുന്‍തൂക്കം സൃഷ്ടിക്കാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രായോഗിക തലത്തിലുള്ള നേതൃത്വ ശേഷിയാണ് കമല ഹാരിസിനെ വ്യത്യസ്തയാക്കുന്നത്. കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലുമുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.