പ്രസിഡന്റ് ഡോണൾഡ് ട്രംപിനും സഹ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെ അമേരിക്കയിലെങ്ങും ശനിയാഴ്‌ച സ്‌ത്രീകൾ തെരുവിലിറങ്ങി. പുരോഗമനവാദിയായിരുന്ന ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്‌ബെർഗിന്റെ മരണത്തോടെ സുപ്രീംകോടതിയിലുണ്ടായ ഒഴിവ് തെരഞ്ഞെടുപ്പിനുമുമ്പ് തിടുക്കത്തിൽ നികത്താൻ ട്രംപ് ശ്രമിക്കുന്നതാണ് സ്‌ത്രീകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വാഷിങ്‌ടണും ന്യൂയോർക്കുമടക്കം പ്രധാന നഗരത്തിലെല്ലാം നടന്ന പ്രകടനം കോവിഡ് കൈകാര്യം ചെയ്‌തതിലെ ട്രംപിന്റെ പരാജയത്തെയും തുറന്നുകാട്ടി. ആയിരക്കണക്കിനു സ്‌ത്രീകൾ അണിണിരന്ന പ്രകടനങ്ങളിൽ ‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കുവേണ്ടി വോട്ട് ചെയ്യൂ’, ‘പെൺകുട്ടികളെപ്പോലെ പോരാടൂ’ തുടങ്ങിയ ആഹ്വാനങ്ങളടങ്ങിയ പ്ലക്കാർഡുകൾ കാണാമായിരുന്നു. ഇതിനിടെ, ജോജിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പർദ്യൂ ഡെമോക്രാറ്റിക് ‘വൈസ്‌പ്രസിഡന്റ് സ്ഥാനാർഥി’ കമല ഹാരിസിന്റെ പേര് മോശമായി ഉച്ചരിച്ചതിനെതിരെ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ ഹാഷ്‌ടാഗ് പ്രചാരണം തുടങ്ങി. മൈനെയിമീസ്, ഐസ്റ്റാൻഡ് വിത് കമല തുടങ്ങിയ ഹാഷ്‌ടാഗുകളാണ് പ്രചരിക്കുന്നത്.