സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കന്യകാത്വ പരിശോധന ഇനി ശിക്ഷാര്‍ഹം, തടവും പിഴയും ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സ്

വിമെന്‍ പോയിന്‍റ് ടീം

കന്യകാത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. പരമ്പരാഗത മതവിവാഹങ്ങള്‍ക്ക് മുന്നോടിയായി കന്യകാത്വ സര്‍ട്ടിഫിക്കറ്റിനായി സമീപിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഫ്രഞ്ച് മതേതര മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇസ്‌ലാമിക വിഘടനവാദം ചെറുക്കുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് നിയമനിര്‍മ്മാണം നടത്തുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

കന്യാകാത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഒരു വര്‍ഷം തടവും 15,000 ഡോളര്‍ പിഴയുമാണ് ബില്‍ നിര്‍ദ്ദേശിക്കുന്നതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലില്‍ ‘കന്യകാത്വ പരിശോധനകള്‍’ ആവശ്യപ്പെടുന്നവര്‍ക്കുള്ള ശിക്ഷ കൂടി ഉള്‍പ്പെടുത്തണമെന്ന് പൗരത്വ ചുമതലയുള്ള ഫ്രഞ്ച് മന്ത്രി പ്രതിനിധിയായ മാര്‍ലിന്‍ ഷിയപ്പ പറഞ്ഞു.

മാതാപിതാക്കളോ പ്രതിശ്രുത വരനോ ഇത്തരത്തില്‍ കന്യകാത്വ പരിശോധന ആവശ്യപ്പെടുന്ന ഘട്ടത്തില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ബില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് കുടുംബത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്നിരിക്കാം. സമൂഹം അവരെ നിരസിച്ചിരിക്കാം, ചിലര്‍ കൊല്ലപ്പെട്ടേക്കാം. മുസ്‌ലീങ്ങള്‍ മാത്രമല്ല മറ്റു പല പരമ്പരാഗത വിശ്വാസ സംഘടനകളും വിവാഹത്തിന് മുമ്പ് സ്ത്രീകളും പെണ്‍കുട്ടികളും ‘കന്യകമാരായിരിക്കണം’ എന്ന് ആവശ്യപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കന്യകാത്വ പരിശോധനകള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് വിശാലമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തേണ്ടതുണ്ട് എന്നാണ് ഫ്രഞ്ച് അബോര്‍ഷന്‍ അഡൈ്വസ് ഗ്രൂപ്പായ എ.എന്‍.സി.ഐ.സി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

കന്യകാത്വ പരിശോധനകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് തങ്ങളെ ആളുകള്‍ ഇങ്ങോട്ട് സമീപിക്കാറാണെന്നും എന്നാല്‍ പലതും നിരസിക്കാറുണ്ടെന്നുമാണ് 30 ശതമാനത്തോളം വരുന്ന ഫ്രഞ്ച് ഡോക്ടര്‍മാരും പ്രതികരിച്ചതെന്ന് ഫ്രാന്‍സ് 3 ടിവിന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം നിലവില്‍ നടത്തുന്ന പരിശോധയിലൂടെ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് തെളിയിക്കാനാവുന്നതല്ലെന്നും അതിലുപരി ഇത് മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

ഫ്രാന്‍സിലെ വലിയൊരു വിഭാഗം സ്ത്രീകളേയും ബാധിക്കുന്ന വിഷയമല്ല ഇത് എന്നാണ് ഗൈനക്കോളജിസ്റ്റായ ഗഥാ ഹത്തേം പ്രതികരിച്ചത്. ഓരോ വര്‍ഷവും പരമാവധി മൂന്ന് സ്ത്രീകളോ മറ്റോ ആണ് കന്യകാത്വ സര്‍ട്ടിഫിക്കറ്റിനായി സമീപിക്കാറ്. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശായ മഗ്‌രിബില്‍ നിന്നുള്ളവരാണ് കൂടുതലായി എത്താറെന്നും ഇവര്‍ പറയുന്നു.

ബന്ധുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ അപമാനം നേരിടുന്നവരും ശാരീരിക അതിക്രമങ്ങളെ ഭയപ്പെടുന്നവരുമാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്താറുള്ളതെന്നും അവര്‍ പറഞ്ഞു.

‘എന്റെ സഹോദരന്‍ എന്നെ അടിക്കും, അച്ഛന്‍ കഴുത്തു ഞെരിക്കും. ബന്ധുക്കള്‍ കുടുംബത്തെ അപമാനിക്കും. ഇങ്ങനെയാക്കെയുള്ള കാരണങ്ങളാണ് പലരും പറയാറ്. ഇതൊന്നും അവിശ്വസിക്കേണ്ട കാര്യമായി തോന്നാറുമില്ല’, ഡോക്ടര്‍ പറഞ്ഞു.കന്യകാത്വ പരിശോധനകള്‍ പല യു.എന്‍ രാജ്യങ്ങളിലും നടക്കുന്നതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയതാണ്. മതപരമായ കാരണങ്ങളാല്‍ മാത്രമല്ല, ചിലപ്പോള്‍ ബലാത്സംഗ അന്വേഷണങ്ങളിലോ സുരക്ഷാ സേനയിലേക്കുള്ള നിയമനത്തിലോ എല്ലാം ഇത് ചെയ്യാറുണ്ട്. വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കന്യകാത്വ പരിശോധനകള്‍ നടക്കാറുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

2018 ഒക്ടോബറില്‍ ഇത്തരം പരിശോധനകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ടെന്നും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗികതയുമായും കന്യകാത്വവുമായും ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളെ തിരുത്തേണ്ടതുണ്ടെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും