ആറന്മുളയിൽ കോവിഡ് രോബാധിതയാ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു. ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. ചികിത്സാകേന്ദ്രത്തിലേക്ക് പോകുംവഴിയായിരുന്നു പീഡനം. ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസിൽ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ഡ്രൈവറായ കായംകുളം കീരിക്കാട് നൗഫലിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നൗഫലിനെ പിരിച്ചു വിടാൻ ആംബുലൻസ് നടത്തിപ്പുകാർക്ക് മന്ത്രി നിർദേശം നൽകി. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.