സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വിമെന്‍ പോയിന്‍റ് ടീം

സ്വന്തം കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹനയ്‌ക്കെതിരെ പോക്സോ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന വാദം തള്ളി. ദൃശ്യങ്ങൾ പരിശോധിച്ച കോടതി, പ്രതി കുട്ടികളെ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു. കുട്ടികൾ ദേഹത്ത് ചിത്രങ്ങൾ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും  ഉത്തരവിൽ വ്യക്തമാക്കി. മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ അമ്മയ്‌ക്ക്‌ അവകാശമുണ്ട്‌. നിയമം വിലക്കുന്നില്ലെങ്കിൽ അത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആകുന്നതിൽ തെറ്റില്ല. പക്ഷേ  എല്ലാ കുട്ടികൾക്കും ലൈംഗിക ബോധവൽക്കരണത്തിന് വേണ്ടിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാകില്ല–-കോടതി വ്യക്തമാക്കി.

കുട്ടിയുടെ ജീവിതത്തിൽ അമ്മയുടെ പങ്ക് വലുതാണ്. പ്രതിസന്ധികളിൽ  വൈകാരിക പിന്തുണയാകുന്നതും കുട്ടിയുടെ വീക്ഷണവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതും അമ്മയാണെന്നും കോടതി പറഞ്ഞു. കോടതിയുടെ നീരീക്ഷണങ്ങൾ കേസന്വേഷണത്തെ സ്വാധീനിക്കരുതെന്നും കേസ് നിലനിൽക്കില്ലെന്ന വാദം ഉയർത്തിയതിനാലാണ് പരാമർശങ്ങളെന്നും ഉത്തരവിൽ വ്യക്തമാക്കി.

കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദർശനം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കൊച്ചിയിലെ പൊലീസ് സൈബർ ഡോമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും