കേരളത്തിലെ ആദിവാസി ഊരുകളില്‍ പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വയനാട്ടിലെ അമ്പലവയലില്‍ നടന്ന ബലാല്‍സംഗമാണ് വീണ്ടും വിഷയം ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഇടയാക്കിയിരിക്കുന്നത്. 16 കാരിയായ പെണ്‍കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ആക്രമിക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ സംഭവം പുറം ലോകം അറിഞ്ഞതോടെ ആണ് പോലീസും അനങ്ങിയത് . 49 കാരനായ പൗലോസ് അറസ്റ്റില്‍ ആകുകയും ചെയ്തു. മറ്റ് അഞ്ചു പേര്‍ക്കെതിരെ കേസ് എടുത്തിട്ടും ഉണ്ട്. ഈ പ്രക്രിയ ഒരു ചടങ്ങ് പോലെ തുടരുകയാണ്. വയനാട്ടില്‍ മാത്രമല്ല , നിലമ്പൂരും അട്ടപ്പാടിയിലും പത്തനംതിട്ടയിലും വിതുരയിലും ഇടുക്കിയിലും പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്കു വിധേയരാകുന്നു. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് സര്‍ക്കാര്‍ പലതരം ആനുകൂല്യങ്ങളും നല്‍കുന്നുണ്ട് . എന്നാല്‍ ആദിവാസി ഊരുകളിലെ സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും പെണ്‍കുട്ടികളെ മദ്യവും മയക്കുമരുന്നും നല്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നതിനു പിന്നിലെ യഥാര്‍ത്ഥ സാമൂഹ്യാവസ്ഥ പരിശോധിക്കുവനോ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുവാനോ ഉള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ആദിവാസികളുടെ മദ്യാസക്തിയും സദാചാരരഹിത ജീവിതവും ആണ് പ്രശ്നം എന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ ആദിവാസികള്‍ അല്ല , വന്തവാസികള്‍ ആണ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്. കടുത്ത ദാരിദ്രവും അജ്ഞതയും മൂലം സ്ത്രീകള്‍ എളുപ്പത്തില്‍ കെണിയില്‍ വീഴുന്നു. സ്ത്രീകള്‍ മദ്യപിക്കുന്നത് ആദിവസികള്‍ക്കിടയില്‍ പാപം അല്ല. ലൈംഗികമായും പൊതുസമൂഹത്തെക്കാള്‍ സ്വാതന്ത്ര്യം സാംസ്കാരികമായി അനുഭവിച്ചിരുന്നവരാണ് ആദിവാസികള്‍. പുറത്ത് നിന്നും 'പരിഷ്കൃതര്‍' അതിക്രമിച്ചു കടക്കുന്നത് വരെ ആദിവാസി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നില്ല. ആദിവാസികള്‍ക്ക് കാടില്ലാതായതും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതും വരെ ചൂഷണം ചെയ്യുന്നതിന് ലോകത്തിനു അവസരം ഒരുക്കി എന്നു മാത്രം. എന്നാല്‍ ഈ അവസ്ഥയെ അധികൃതര്‍ എങ്ങനെ കാണുന്നു എന്നതാണ് പ്രശ്നം. കേരളത്തില്‍ ഇടയ്ക്കു വെച്ച് പഠിത്തം അവസാനിപ്പിക്കുന്നവര്‍ ഇല്ലെന്നാണ് സങ്കല്പം. പക്ഷെ യഥാര്‍ത്ഥ്യം മറ്റൊന്നാണ്. അമ്പലവയലിലെ വിവാദമായിരിക്കുന്ന ഊരില്‍ ഉള്‍പ്പെടെ ആകെയുള്ള 13 കുട്ടികളില്‍ 7 പേര്‍ പഠിത്തം നിര്‍ത്തിയവരാണ്. ഇവരെ മഹിളാ സമഖ്യ സൊസൈറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുകയാണ്. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതു വികസന ചര്‍ച്ചകളില്‍ കടന്നു വരുന്നതേ ഇല്ല. കണക്കെടുപ്പുകള്‍ അതുകൊണ്ട് തന്നെ അപൂര്‍ണമാകുന്നു. നയരൂപീകരണം വികലമാകുന്നതും ഇത് കൊണ്ട് തന്നെ ആണ്. ആദിവാസികള്‍ക്ക് വേണ്ടി ഉള്ള ഫണ്ടുകള്‍ പല വഴിക്ക് നഷ്ടമാകുന്നു. ആദിവാസി സംരക്ഷണ നിയമം ഏട്ടിലെ പശു മാത്രം ! ആദിവാസിക്ഷേമ ഉദ്യോഗസ്ഥരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. സമഗ്രമായ അഴിച്ചുപണി ആദിവാസി മേഖലയില്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഉണ്ടാകണം. ആദിവാസി പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഏതെങ്കിലും ചില സംഭവങ്ങള്‍ വിവാദം ആകുമ്പോള്‍ ചില താത്കാലിക നടപടികള്‍ ഉണ്ടാകും, വീണ്ടും കുറേക്കാലം മൌനം. അടിസ്ഥാനപരമായി ആദിവാസി ജീവിതം ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല. ഇനി എങ്കിലും ശാസ്ത്രീയമായ സമീപനം കൈകൊള്ളാന്‍ അധികൃതര്‍ വൈകരുത്.