സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്‌ത കേസ്‌; മുഖ്യപ്രതി പിടിയിൽ

വിമെന്‍ പോയിന്‍റ് ടീം

യുവനടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്‌ത കേസിലെ മുഖ്യപ്രതി പാലക്കാട് നൂറാണി സ്വദേശി മുഹമ്മദ്‌ ഷെരീഫ്‌ പിടിയിലായി. ശനിയാഴ്‌ച പുലർച്ചെ പാലക്കാട്ടുനിന്ന്‌ കൊച്ചി സിറ്റി പൊലീസിന്റെ‌ പ്രത്യേക അന്വേഷണ സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ ഷെരീഫ് കോടതിയിൽ കീഴടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ‌പിടിയിലായത്. കേസന്വേഷണ ചുമതലയുള്ള ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്‌.

തട്ടിപ്പുകളുടെ സൂത്രധാരൻ ഇയാളാണെന്നാണ് പൊലീസ്‌ നിഗമനം. ഫോണിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. എട്ട്‌ യുവതികളെ പാലക്കാട്ടെ ഹോട്ടലിലെത്തിച്ച്‌ പണവും ആഭരണവും തട്ടിയ കേസിലെ പ്രധാന സൂത്രധാരനാണ്‌. സ്വര്‍ണക്കടത്തിന് തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ വധഭീഷണി മുഴക്കിയതും ഷെരീഫാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

പ്രതികൾ ഷംനയുടെ വീട്ടിലെത്താൻ ഉപയോഗിച്ച കാർ മരടിൽനിന്ന്‌ കണ്ടെത്തി.  ഷംനയുടെയും മറ്റ് യുവതികളുടെയും പരാതികളില്‍ മനുഷ്യക്കടത്ത്‌, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി തടഞ്ഞുവയ്‌ക്കൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌. ഷംനയുടെ അമ്മയുടെ പരാതിയിലെ എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ടെങ്കിലും കൂടുതല്‍പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അറസ്‌റ്റിലായ ഏഴ്‌ പ്രതികളിൽനിന്ന്‌ അഞ്ച്‌ മൊബൈൽഫോണും 30 സിംകാർഡും കണ്ടെടുത്തു‌. നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റു പരാതികളില്‍ പ്രാഥമിക അന്വേഷണം നടക്കുന്നു. ആദ്യം അറസ്റ്റിലായ നാലു പ്രതികളെ തൃക്കാക്കര അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അത് പൂര്‍ത്തിയായാല്‍ ഷംനയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. തൃശൂർ വാടാനപ്പള്ളി സ്വദേശികളായ അബൂബക്കർ, അബ്‌ദുൾസലാം എന്നിവരെ വെള്ളിയാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തൃശൂർ സ്വദേശികളായ റഫീഖ്, രമേശ്, ശരത്, അഷറഫ് എന്നിവർ റിമാൻഡിലാണ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും