സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടൻ ശ്രീനിവാസന് ഒരു വിദ്യാർത്ഥിയുടെ തുറന്ന കത്ത്

വിമെന്‍ പോയിന്‍റ് ടീം

നടൻ ശ്രീനിവാസന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരെ തിരുവനന്തപുരം ഗവൺമെന്റ് കോളേജ്  ഓഫ് ടീച്ചർ എഡുക്കേഷനിൽ ബാച്ചിലർ ഓഫ് എഡുക്കേഷൻ (B.Ed) കോഴ്സ് ചെയ്യുന്ന ഒരു വിദ്യാർത്ഥിയുടെ തുറന്ന കത്ത്. ''ജപ്പാനിൽ പ്ലേ സ്‌കൂൾ, കിന്റർ ഗാർഡൻ തുടങ്ങിയ സ്‌കൂളുകളിൽ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അങ്കണവാടി എന്നു പറഞ്ഞ് ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആൾക്കാരെ പിടിച്ചു നിർത്തുകയാണ്.അവരുടെ ഇടയിൽ ആണ് ഈ കുട്ടികൾ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികൾക്ക് വളരാൻ കഴിയൂ'' എന്നായിരുന്നു ശ്രീനിവാസന്‍റെ പ്രസ്താവന.അതിനെതിരെയാണ് വിദ്യാർത്ഥിയുടെ തുറന്ന കത്ത്.

കത്തിന്‍റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട ശ്രീനിവാസന്,
എന്റെ അമ്മ ഇരുപത്തിരണ്ട് വർഷത്തോളമായി അംഗൻവാടി ടീച്ചറാണ്. താങ്കൾ ഈ അടുത്ത് നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ ചർച്ച ആയിരിക്കുകയാണല്ലോ.

ഫിൻലൻഡിൽ എഡുക്കേഷൻ സിസ്റ്റം ഉയർത്തികാണിച്ച് ഇവിടുത്തെ അംങ്കണവാടികളേയും അങ്കണവാടി ജീവനക്കാരേയും കരിവാരി തേക്കാനുളള ശ്രമമാണ് താങ്കൾ നടത്തിയിരിക്കുന്നത്.
ഒരു പഠനവും ഇല്ലാത്ത , വെറുതേ നടക്കുന്ന ആളുകൾ ആണ് അങ്കണവാടി ജീവനക്കാരാകുന്നത് എന്നാണ് താങ്കളുടെ ഒന്നാമത്തെ പരാമർശം.

പ്രിയപ്പെട്ട ശ്രീനിവാസൻ,
അംങ്കണവാടി ജീവനക്കാർ ആകണമെങ്കിൽ മിനിമം വിദ്യാഭ്യാസ യോഗ്യതകളുണ്ട്. പത്താംക്ലാസ് ജയിച്ച ഏതൊരാൾക്കും അങ്കണവാടി വർക്കറായി അപേക്ഷിക്കാം.അതിന് ശേഷം ICDS Officer, ICDS Supervisor, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗം, പഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഉൾപ്പെടുന്ന പതിനൊന്നസംഘ വിദഗ്ധ സമിതി ആണ് അവരെ ഇന്റർവ്യൂ ചെയ്ത് സെലക്ട് ചെയ്യുന്നത്.

നിയമനം ലഭിച്ചതിന് ശേഷം ആഴ്ചകളിലായും ദിവസങ്ങളിലായും അവർക്ക് ഡോക്ടർമാരും മനശാസ്ത്രവിദഗ്ധരും അടങ്ങുന്ന എക്സ്പേർട്ട്സ് പരിശീലനം നൽകാറുണ്ട്.

നിയമനം ലഭിച്ച് ഇത്ര കാലയളവിനുളളിൽ രണ്ടും മൂന്നും മാസം നീളുന്ന റെഡിഡൻഷ്യൽ ജോബ് ട്രെയിനിങ്ങ് അവർക്ക് നിർബന്ധമാണ്.ജോബ് ട്രെയിനിങ്ങിനായി ഇന്ന് ഓരോ ജില്ലകളിലും കെട്ടിടങ്ങളും ഉണ്ട്.

ECC - Early Childhood Care and Education ( ശൈശവവിദ്യാഭ്യാസവും പരിചരണവും) എന്ന വിഷയത്തിൽ മനശാസ്ത്രവിദഗ്ധരും ഡോക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് രണ്ട്മാസത്തോളം അവർക്ക് ട്രെയിനിങ്ങ് നൽകുന്നത്.ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം എന്നേയും അമ്മമ്മയേയും വീട്ടിൽ ഒറ്റക്കാക്കി രണ്ട് മാസത്തേ റെസിഡൻഷ്യൽ ട്രെയിനിങ്ങിനായി അമ്മ പാലക്കാട് പോയത് ഞാൻ ഇന്നും ഓർക്കുന്നു.

ഓരോ കുട്ടിയുടേയും ഡെവലപ്മെന്റൽ സ്റ്റേജുകൾ എന്താണെന്നും അവർക്ക് ആ ഒരു പ്രായത്തിൽ എത്രമാത്രം പോഷകം അടങ്ങിയ ഭക്ഷണം നൽകണം എന്നുമൊക്കെ അമ്മക്ക് കൃത്യമായി അറിയാം. സൈക്കോളജി അരച്ച് കലക്കിയ ആൾക്കാർക്ക് ഇതൊക്കെ അറിയാമോ എന്ന് എനിക്ക് സംശയം ആണ്.

അങ്കണവാടികൾ എന്നാൽ എന്താണെന്ന് താങ്കൾക്കറിയുമോ? 

വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴിലുളള സ്ഥാപനമാണ് അങ്കൺവാടികൾ.
കേരളത്തിൽ ഇന്ന് 31,115 അങ്കൺവാടികളുണ്ട്. അവിടെയൊക്കെതന്നെ കുട്ടികൾക്ക് പ്രീസ്കൂൾ എഡുക്കേഷൻ കൊടുക്കുന്നതിലുപരി ഒത്തിരി കാര്യങ്ങൾ നടക്കുന്നുണ്ട്. 

1. കൗമാരക്കാർക്കുളള ക്ലാസുകൾ 
2. ഗർഭിണികൾക്കുളള ക്ലാസുകൾ
3.മദേഴ്സ് മീറ്റിങ്ങ്
4.കുട്ടികളുടെ തൂക്കം എടുക്കൽ, രേഖപ്പെടുത്തൽ 
5.ടി ബി മരുന്ന് നൽകൽ
6.അത്യാവശ്യം മരുന്നുകൾ ജനങ്ങൾക്ക് എത്തിച്ചു നൽകൽ
7.ഗർഭിണികൾക്കും കുട്ടികൾക്കുമുളള പോഷകാഹാരം എത്തിച്ച് നൽകൽ
8.ജനനം മരണം റിപ്പോർട്ട് ചെയ്യൽ
9.സർവേ എടുക്കൽ
ഇങ്ങനെ നീളുന്നു അവരുടെ ഭാരിച്ച ചുമതലകൾ

അങ്കണവാടികളിൽ നടക്കുന്നത് എന്താണെന്ന് താങ്കൾ കണ്ടിട്ടുണ്ടോ?

പ്രശസ്തനായ ഫ്രെഡ്രിച്ച് വിൽഹം ഓഗസ്റ്റ് ഫ്രോബൽ ആണ് കിന്റർഗാർട്ടനുകളുടെ ഉപഞ്ജാതാവ്. അദ്ദേഹംതന്നെയാണ് പ്ലേ-വേ മെത്തേഡ് ഓഫ് എഡുക്കേഷന് ഊന്നൽ നൽകിയതും.

എന്നാൽ ഫ്രോബൽ കണ്ടുപിടിച്ച കിന്റർഗാർട്ടനുകളല്ല നമ്മൾ ഇന്ന് ചുറ്റും കാണുന്ന കിന്റർ ഗാർട്ടനുകൾ. 
ഫ്രോബൽ നിർദേശിച്ച പേര് ഇവിടുത്തെ LKG & UKG കടം എടുത്തെങ്കിലും അദ്ദേഹം നിർദേശിച്ച തരത്തിലുളള പ്രീസ്കൂൾ എഡുക്കേഷൻ അല്ല അവിടെ ഒന്നും തന്നെനടക്കുന്നത്.
നമ്മുടെ ചുറ്റുമുളള LKG/ UKGകിന്റർ ഗാർട്ടനുകളിൽ കുട്ടികളെ ഇഗ്ലീഷ് പഠിപ്പിക്കിനാണ് ശ്രമിക്കാറുളളത്.
ഇത് കുട്ടിയുടെ വളർച്ചക്ക് ആവശ്യമായ ഘടകം അല്ല.വലിയ കുട്ടികൾ ഭാഷപഠിക്കുന്ന രീതിയിൽ അല്ല ചെറിയകുട്ടികൾ ഭാഷ പഠിക്കേണ്ടിയിരിക്കുന്നത്.

ഫ്രോബെലിന്റെ കിന്റർഗാർട്ടനിലെ എസ്സൻസ് ഉൾക്കൊണ്ടാണ് ഓരോ അങ്കണവാടിയും പ്രവർത്തിക്കുന്നത്. സാധാരണ കിന്റർ ഗാർട്ടനുകളിലേത് പോലെ അവിടെ കുട്ടികളെ എഴുതാനും വായിക്കാനുമല്ല പഠിപ്പിക്കുന്നത് മറിച്ച് കുട്ടികൾ കളിയിലൂടേയും ആംഗ്യപാട്ടിലൂടേയും മൂവ്മെന്റിലൂടേയും സ്വയം പഠിക്കുകയാണ് ചെയ്യുന്നത്. 

ഓരോ മാസവും അവർക്ക് പഠിക്കാനായി ഓരോരോ തീമുകൾ ഉണ്ട്. Naturalistic way of learning ആണ് അവിടെ നടക്കുന്നത് എന്നുതന്നെ പറയാം.ഓരോ മാസത്തേയും തീമുകൾ ചുവടേ ചേർക്കുന്നു.

1. ജൂൺ : കുട്ടിയും കുടുമ്പവും
                  വീടും പരിസരവും 
2. ജൂലായ്: ഞാനും എന്റെ ശരീരവും 
                    മഴ , കാലാവസ്ഥ

3 ആഗസ്റ്റ്: പഴങ്ങൾ , പച്ചക്കറികൾ 
                   സ്വാതന്ത്ര്യദിനം
                   ചെടികളുംവൃക്ഷങ്ങളും

4. സെപ്റ്റമ്പർ :പൂക്കളും പൂന്തോട്ടവും 
                           ഓണം 

5. ഒക്ടോബർ: ഗാന്ധിജയന്തി 
                           വളർത്തുമൃഗങ്ങൾ 
                           വനം , വന്യജീവികൾ 

6. നവംബർ : പക്ഷികൾ 
                        പ്രാണികൾ
                         ശിശുദിനം

7. ഡിസംബർ : എന്റെ ഗ്രാമം 
                          വാഹനങ്ങൾ 
                           ക്രിസ്തുമസ്

8. ജനുവരി : ആഹാരം 
                      രോഗങ്ങളും ആശുപത്രിയും 

9. ഫെബ്രുവരി : തൊഴിൽ 
                            കൃഷി 
10. മാർച്ച്: പ്രകൃതി സംരക്ഷണം 
                    വാർത്താ മാധ്യമങ്ങൾ.

11. ഏപ്രിൽ: ഉത്സവങ്ങൾ 
                       കലകൾ
12. മെയ്: കളിയും കളിപ്പാട്ടങ്ങളും

ഇങ്ങനെ നീളുന്നു തീമുകൾ.

ഈ തീമുകൾ വരുന്ന പാട്ട് കഥ കടംകഥ ഗ്രൂപ്പ്കളികൾ ആംഗ്യപ്പാട്ട് എന്നിവയിലൂടെയാണ് കണ്ടന്റുകൾ കുട്ടിയിലേക്ക് ട്രാൻസാക്ട് ചെയ്യപ്പെടുന്നത്.

ഇതെല്ലാം ഉപയോഗപ്പെടുത്തുന്നത് പ്ലേ-വേ മെത്തേഡ് വഴി ആണ്. കളിയിലൂടെ പഠിക്കുക എന്ന തത്വം ആണ് അവിടെ പ്രയോജനപ്പെടുത്തുന്നത്. കുട്ടിയുടെ ക്രിയേറ്റിവിറ്റി വർധിക്കാനും ബുദ്ധിയുടെ വളർച്ചക്കും ഈ മെത്തേഡ് വളരെ പവർഫുൾ ആണ്.

അദ്ദേഹത്തിന്റെ തന്നെ വേറൊരു കോൺട്രിബ്യൂഷനായ "gifts " എന്ന ആശയവും അങ്കൺവാടികളിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ദ്രീയങ്ങളെ ട്രെയിൻ ചെയ്യാനും, സൈസ്, നമ്പർ,ഷേപ്പുകൾ, പാറ്റേർണുകൾ ഒക്കെ പഠിക്കാനായാണ് ഗിഫ്റ്റുകൾ ഉപയോഗിക്കുന്നത്.
Different shaped wooden materials , jigsaw puzzles, clay മോഡലിങ്ങ് എന്നിവയോക്കെ അവിടെ ഉപയോഗിക്കുന്നു.
ഇത്തരം കൈ ഉപയോഗിച്ചുളള ആക്ടിവിറ്റി ചെയ്യുമ്പോൾ കുട്ടിയുടെ ഫൈൻമോട്ടോർ സ്കിൽസ് ഡെവലപ്പ് ചെയ്യുകയാണ്.
ഇത് മരിയ മോണ്ടിസോറിയുടെ 'didantic apparatus' ഉമായും ബന്ധമുണ്ട്.

ക്ലേ മോഡലിങ്ങ്, മുത്തുകൊരുക്കൽ പോലുളളവ ചെയ്യുമ്പോൾ hand-brain coordination ഉം വർധിക്കുന്നു.

പ്രധാനമായും അഞ്ച് വികാസതലങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് അങ്കണവാടിയിൽ പഠനം സാധ്യമാകുന്നത്.
1. ഭാഷാവികാസം
2.സാമൂഹികവികാസം
3.വൈഞ്ജാനിക വികാസം
4.ചാലകവികാസം
5.ബുദ്ധിവികാസം

അല്ലാതെ തോന്നിയ കാര്യങ്ങൾ അല്ല അവിടെ നിന്നും കുട്ടിക്ക് ലഭിക്കുക.

വേനൽക്കാലത്തേ അങ്കണവാടി ടീച്ചർമാരുടെ ജീവിതത്തെപറ്റി താങ്കൾക്ക് വല്ലതും അറിയാമോ?

അഞ്ചക്ക ശമ്പളം ഉളള പലരും വേനലവധി ആഘോഷിക്കുമ്പോൾ അങ്കണവാടി ടീച്ചർമാർക്ക് അത്തരമൊരു ആഘോഷമേ ഇല്ല. മാത്രമല്ല ക്രിസ്മസ്, വിഷു, ഓണം എന്ന വിശേഷദിനങ്ങളിൽ സാധാരണ ടീച്ചർമാരേപോലെ പത്ത് ദിവസവും ലീവും ഇല്ല. ക്രിസ്തുമസ്സിന് ഒരു ദിവസവും ഓണത്തിന് മൂന്ന് ദിവസവും മാത്രമാണ് ലീവ്.
ഇതുകൊണ്ട് തന്നെ ഫാമിലി ആയി ഒരുമിച്ച് സ്വസ്തമായി ഒരു ബന്ധുവീട്ടിൽ പോയി നിൽക്കാനോ യാത്രപോകാനോ കൂടി കഴിയുകയില്ല.

വേനൽക്കാലത്ത് ചൂട്ടുപൊളളുന്ന വെയിലിൽ അങ്കണവാടി വർക്കർമാരേ കാത്തിരിക്കുന്ന കഠിനമായ സർവേ ആണ്.
എന്തോരം കുന്നും മലയും നടന്ന് കയറി ഡീറ്റേയിൽസ് എടുത്താലാണ് സർവേ തീരുന്നത് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ചെറുപ്പത്തിൽ ചിലപ്പോഴൊക്കെ ഞാനും അമ്മയുടെ കൂടെ സർവേക്ക് പോയിട്ടുണ്ട്.നടന്ന് നടന്ന് നടന്ന് എന്റെ കാലുകൾ തളർന്ന് പോയിട്ടുണ്ട്. ഈ ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ പോയപ്പോൾ എന്തിനാണ് അമ്മ എന്നേയും കൊണ്ട് സർവേക്ക് പോയത് എന്ന് ചോദിച്ചപ്പോൾ ' കാടും മലയും ഒക്കെയല്ലേ, അപ്പോൾ ആരെങ്കിലും മിണ്ടാൻ വേണ്ടേ...ഒറ്റക്ക് പോകാൻ പേടി ആയിട്ടാണ് നിന്നെയും കൂട്ടി പോയത് " എന്ന് പറഞ്ഞു അമ്മ.

ഇത്രയൊക്കെ അനുഭവിക്കുന്ന അങ്കണവാടി ജീവനക്കാർ സർക്കാരുദ്യോഗസ്തരാണന്നാണോ താങ്കൾ കരുതിയത്?

അല്ലേയല്ല.

സർക്കാരിന്റെ സ്ഥാപനത്തിൽ ഹോണറേറിയം ബേസിസിൽ വർക്ക് ചെയ്യുന്ന ജീവനക്കാരാണ് അങ്കണവാടി പ്രവർത്തകർ.

ഇവരുടെ ശമ്പളം എത്രയാണ് എന്ന് താങ്കൾ ചിന്തിച്ചിട്ടാണോ ഈ പ്രസ്താവന ഇറക്കിയത്?

എനിക്ക് ഓർമ്മയുളളപ്പോൾ എന്റെ അമ്മയുടെ മാസശമ്പളം 600 ആയിരുന്നു.
പിന്നെ എപ്പോഴും അമ്മ സമരം ചെയ്ത് വരുമ്പോൾ 100 രൂപ കൂട്ടാൻ തീരുമാനമായി 200 രൂപകൂട്ടാൻ തീരുമാനമായി 500 രൂപകൂട്ടാൻ തീരുമാനമായി എന്ന് പറഞ്ഞ് സന്തോഷിക്കാറുണ്ടായിരുന്നു.
കേന്ദ്രവും സംസ്ഥാനവും പഞ്ചായത്തും കുറച്ച് കുറച്ച് കാശ് വീതം ഇട്ടാണ് അവർക്ക് പതിനായിരം രൂപ ഇന്ന് കൊടുക്കുന്നത്.

ഇത്രയും ചെറിയ വേതനത്തിലും എല്ലുമുറിയെ പണിയെടുക്കുന്ന അവരെപറ്റി ഇങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു പ്രിയപ്പെട്ട ശ്രീനിവാസൻ. 
സകല പ്രിവിലേജിന്റേയും നടുക്കിരുന്നുകൊണ്ട് സ്ത്രീകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ഫീൽഡിനെപറ്റി വായിൽതോന്നിയത് വിളിച്ച് പറഞ്ഞതിന് താങ്കൾ അവരോട് മാപ്പ് പറയേണ്ടിയിരിക്കുന്നു.

നടൻ ശ്രീനിവാസന്‍റെ പരാമർശത്തിനെതിരെ വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിന്‍റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്നും  പരാമർശം പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും