സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പാഠപുസ്തക വിതരണത്തിനും ഒരുകൈ സഹായവുമായി കുടുംബശ്രീ

വിമെന്‍ പോയിന്‍റ് ടീം

കേരള സമൂഹത്തില്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ 44 ലക്ഷത്തോളം സാധാരണക്കാരായ സ്ത്രീകള്‍ അംഗങ്ങളായുള്ള കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഏവര്‍ക്കും എപ്പോഴും തുണയുമാകുന്നു. 2018, 2019 വര്‍ഷങ്ങളിലെ പ്രളയകാലത്തും ഇപ്പോള്‍ കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്തും തങ്ങളാലാവും വിധമുള്ള പിന്തുണ കുടുംബശ്രീ നല്‍കിവരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് മുടങ്ങിപ്പോയ പാഠപുസ്തക വിതരണത്തിലും ഇപ്പോള്‍ ശ്രദ്ധേയമായ പങ്കുവഹിക്കുകയാണ് കുടുംബശ്രീ അംഗങ്ങള്‍.

ഒന്ന് ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ആരംഭിച്ചിരുന്നുവല്ലോ. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് മേയ് 14 മുതല്‍ ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 30നകം പുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അദ്ധ്യയനവര്‍ഷത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഓണപ്പരീക്ഷവരെയുള്ള പാഠഭാഗങ്ങളുള്ള പുസ്തകങ്ങളുടെ വിതരണമാണ് ഇപ്പോള്‍ നടത്തുന്നത്.

എറണാകുളം ജില്ലയിലെ കാക്കനാടുള്ള കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടിച്ചു തയാറാക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്നു. ആറോ ഏഴോ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായി ഇവിടെ നിന്ന് ആവശ്യാനുസരണം പുസ്തകം തരംതിരിച്ച് നല്‍കുന്നു. ഈ സൊസൈറ്റികളില്‍ നിന്ന് അതാത് സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുകയും രക്ഷിതാക്കള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്. ഓരോ സൊസൈറ്റിയുടെയും ആവശ്യം അനുസരിച്ച് പുസ്തകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവര്‍ കൃത്യമായി പായ്ക്ക് ചെയ്യുന്നു. കൂടാതെ ഈ പുസ്തകക്കെട്ടുകള്‍ സൊസൈറ്റികളില്‍ എത്തിച്ച് നല്‍കുന്നതിനും അയല്‍ക്കൂട്ട വനിതകള്‍ സഹായമേകുന്നു. പാഠപുസ്തക വിതരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്ന സേവനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് കെബിപിഎസിന് പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കുകയായിരുന്നു. എല്ലാ ജില്ലകളിലുമായി 201 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും