ട്രയൽസിൽ പങ്കെടുക്കാനുള്ള സൈക്ലിംഗ് ഫെഡറേഷൻ്റെ ക്ഷണം നിരസിച്ച് ലോക്ക്ഡൗണിൽ കുടുങ്ങിയ പിതാവിനെ നാട്ടിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി വാർത്തകളിൽ ഇടം നേടിയജ്യോതികുമാരി. പഠനത്തിനാണ് പ്രഥമ പരിഗണനയെന്നും 10ആം ക്ലാസ് പാസാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാരി ട്രയൽസിനുള്ള ക്ഷണം നിരസിച്ചത്. “ഏറെ ദൂരം സൈക്കിൾ ഓടിച്ചതു കൊണ്ട് തന്നെ ഞാൻ ക്ഷീണിതയാണ്. കുടുംബപ്രശ്നങ്ങൾ കാരണം പഠിക്കാൻ സാധിച്ചിരുന്നില്ല. വീട്ടുജോലികളൊക്കെ ചെയ്താണ് കഴിഞ്ഞിരുന്നത്. ഇനി ലക്ഷ്യം പത്താം ക്ലാസ് പൂർത്തിയാക്കുക എന്നതാണ്.”- ജ്യോതികുമാരി പറയുന്നു. ജ്യോതികുമാരിയുടെ പഠന ചെലവുകൾ ഏറ്റെടുക്കാമെന്ന് ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം വാഗ്ധാനം ചെയ്തിരുന്നു. ഏത് സിലബസിലുള്ള സ്കൂളിൽ വേണമെങ്കിലും ജ്യോതികുമാരിക്ക് പഠിക്കാമെന്നും അതിനു വേണ്ട ചെലവുകൾ വഹിച്ചുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം മകളെ സൈക്ലിംഗിനു വിടാനാണ് താത്പര്യമെന്ന് പിതാവും അറിയിച്ചിരുന്നു. നിലവിൽ ഒൻപതാം ക്ലാസിലാണ് ജ്യോതികുമാരി പഠിക്കുന്നത്.