സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അച്ഛനെ പിറകിലിരുത്തി പതിനഞ്ചുകാരി താണ്ടിയത് 1200 കിലോമീറ്റർ; ഒടുവിൽ ദേശീയ സൈക്ലിംഗ് ഫെഡറേഷന്റെ വിളി

വിമെന്‍ പോയിന്‍റ് ടീം

നടക്കാൻ വയ്യാത്ത അച്ഛനെ പിറകിലിരുത്തി ലോക്ക് ഡൗണിൽ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പതിനഞ്ചുകരിയെ തേടി ദേശീയ സൈക്ലിംഗ് ഫെഡറേഷന്റെ വിളി. ബിഹാർ സ്വദേശി ജ്യോതികുമാരിയുടെ ജീവിതത്തിലാണ് പുതുവെളിച്ചം തെളിഞ്ഞിരിക്കുന്നത്.

ഡൽഹി- ഹരിയാന അതിർത്തിയായ ഗുരുഗ്രാമിൽ നിന്നാണ് വയ്യാത്ത അച്ഛനെയും പിന്നിലിരുത്തി ജ്യോതി സൈക്കിൾ ചവിട്ടി സ്വന്തം നാടായ ബിഹാറിലെത്തിയത്. അപകടത്തിൽ പരിക്കു പറ്റി എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജ്യോതിയുടെ അച്ഛൻ മോഹൻ പാസ്വാൻ. ഡൽഹിയിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു മോഹൻ അപകടത്തിൽ പെട്ടത്തിനു പിന്നാലെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഓട്ടോ വാടകയ്ക്ക് എടുത്തായിരുന്നു മോഹൻ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, ലോക്ക് ഡൗൺ വന്നതിനു പിന്നാലെ ഓട്ടോറിക്ഷയുടെ ഉടമ മോഹനനോട് ഓട്ടോ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ ജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന ഘട്ടം വന്നതോടെയാണ് കുഞ്ഞു ജ്യോതി എങ്ങനെയും വയ്യാത്ത അച്ഛനെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത്. പക്ഷേ, ലോക്ക് ഡൗൺ കാലത്ത് എങ്ങനെ 1200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോകുമെന്ന ചോദ്യം ജ്യോതിക്കു മുന്നിലുണ്ടായി. അതിന് ആ പതിനഞ്ചുകാരി കണ്ടെത്തിയ വഴിയായിരുന്നു, കൈയിലുണ്ടായിരുന്ന പണം കൊടുത്ത് ഒരു സൈക്കിൾ വാങ്ങുകയെന്നത്. സൈക്കിൾ കിട്ടിയ അവൾ മറ്റൊന്നും പിന്നെയാലോചിച്ചില്ല, പിന്നിടേണ്ട ദൂരമോ, വഴിയിലെ ബുദ്ധിമുട്ടുകളോ, വിശപ്പോ ദാഹമോ ഒന്നും. ഒടുവിൽ അവളുടെ നിശ്ചയദാർഢ്യം വിജയം കാണുകയും ചെയ്തു.

ബിഹാറിലെ ദർബാംഗ എന്ന പ്രദേശത്തെ വീട്ടിലെത്തിയ ജ്യോതിയേയും മോഹനനെയും നാട്ടുകാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. നാട്ടിലെത്തിയതിനു പിന്നാലെ അച്ഛനും മകളും ക്വാറന്റീനിൽ പോയി. യാത്രയിലൂട നീളം വെള്ളം കുടിച്ചാണ് വിശപ്പ് അടക്കിയതെന്നും ചിലർ തങ്ങളുടെ കഷ്ടപ്പാട് കണ്ട് ഭക്ഷണം നൽകിയിട്ടുണ്ടെന്നും ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു.

ജ്യോതിയുടെ സൈക്കിൾ യാത്രയുടെ കഥകേട്ട ദേശീയ സൈക്ലിങ് ഫെഡറേഷൻ ജ്യോതിയുടെ കായികശേഷിയിൽ മതിപ്പ് പ്രകടിപ്പിച്ചാണ് അവളെ ട്രയൽസിന് ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ സൈക്ലിംഗ് അക്കാദമിയിൽ വിദഗ്ധ പരിശീലനം നൽകുമെന്നാണ് ഫെഡറേഷൻ ചെയർമാൻ ഓംകോർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. 1200 കിലോമീറ്റർ ദൂരം തുടർച്ചയായി സൈക്കിൾ ഓടിക്കുന്നത് നിസ്സാരമായ കാര്യമല്ല. അതിന് അസാധാരണമായ കായികശേഷിയും മനക്കരുത്തും വേണം. നല്ല പരിശീലനം കിട്ടിയാൽ അവൾ ഏറെ ഉയരത്തിലെത്തും’ ഓംകോർ സിംഗ് മാധ്യമങ്ങളോട് ജ്യോതിയെക്കുറിച്ചു പറഞ്ഞു. ലോക്ക് ഡൗൺ അവസാനിച്ചശേഷം ഡൽഹിയിൽ വച്ചായിരിക്കും ട്രയൽസ് നടക്കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും