സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാത്രി സമരങ്ങള്‍ക്ക് സ്ത്രീകള്‍ പുറത്തിറങ്ങേണ്ടതില്ലെന്ന് ദേശീയ വനിതാ ലീഗ്; അറിയില്ലെന്ന് സംസ്ഥാന നേതൃത്വം

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകള്‍ രാത്രി സമരത്തിനിറങ്ങരുതെന്ന് വനിതാ ലീഗ് നേതൃത്വം.വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദാണ് വൈകീട്ട് ആറുമണിക്ക് ശേഷമുള്ള സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന് പറഞ്ഞത്. മുസ് ലിം നാഷണല്‍ കമ്മിറ്റി യോഗത്തിന് ശേഷം നൂര്‍ബിന റഷീദ് വനിതാ ലീഗ് നേതാക്കള്‍ക്ക് നല്‍കിയ ഓഡിയോ സന്ദേശം പുറത്താവകുയായിരുന്നു.

‘പാര്‍ട്ടി ഒരു കാരണവശാലും വൈകുന്നേരത്തെ പരിപാടിയില്‍ സ്ത്രീകള്‍ ഇരിക്കണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ആറുമണി കഴിഞ്ഞാലുള്ള ഒരു പരിപാടിയിലും പെണ്ണുങ്ങള്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബഹുമാനപ്പെട്ട നേതാക്കന്മാര്‍ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സന്ദേശം അയക്കുന്നത്,’ നൂര്‍ബിനയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നായിരുന്നു നൂര്‍ബിന നല്‍കിയ വിശദീകരണം.

‘വനിതാ ലീഗ് രൂപീകരിക്കുമ്പോള്‍ ഞാനുമുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗ് പ്രസിഡന്റായിരിക്കെയാണ് വനിതാ ലീഗ് രൂപീകരിച്ചത്. ശിഹാബ് തങ്ങള്‍ പറഞ്ഞതാണിത്. യൂത്ത് ലീഗിന്റെ ഷാഹീന്‍ ബാഗ് സമരത്തില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് സ്ത്രീകള്‍ സമരപ്പന്തലില്‍ ഇരിക്കുന്നത്. ഇത്തരം സമരങ്ങള്‍ ഇനി വേണ്ടെന്നാണ് പറഞ്ഞത്,’ നൂര്‍ബിന പറഞ്ഞു.നിര്‍ബന്ധിച്ച് സ്ത്രീകളെ സമരത്തിന് കൊണ്ടുവരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നും സ്ത്രീകള്‍ക്ക് മറ്റു ജോലികളുണ്ടെന്നും നൂര്‍ബിന പറഞ്ഞു.

അതേസമയം ഇത്തരമൊരു തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും വനിതാ ലീഗ് രാത്രി സമരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് കുല്‍സു ടീച്ചര്‍ വ്യക്തമാക്കി. സ്ത്രീകള്‍ സമരത്തിനിറങ്ങുന്നത് പാര്‍ട്ടിയുടെ അറിവോടെയാണെന്നും ഇറങ്ങരുതെന്ന് പാര്‍ട്ടി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും കുല്‍സു ടീച്ചര്‍ പറഞ്ഞു.

പൗരത്വ വിഷയത്തില്‍ സ്ത്രീകള്‍ സമര രംഗത്തുവരുന്നതിനെതിരെ നേരത്തെ സമസ്ത ഉള്‍പ്പെടയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും