സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡല്‍ഹി കലാപ അനുഭവം തുറന്ന് പറഞ്ഞ് മുസ്‌ലീം സ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

‍ഡല്‍ഹി കലാപത്തിനിടെ സംഘപരിവാര്‍ അക്രമികളില്‍ നിന്നും തങ്ങള്‍ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് മുസ്‌ലീം സ്ത്രീകള്‍.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളായ ചാന്ദ്ബാഗിലും ശിവവിഹാറിലും നടന്ന അക്രമത്തിനിടെ തങ്ങള്‍ നേരിടേണ്ടി വന്ന അനുഭവമാണ് സ്ത്രീകള്‍ ‘ ദ വയറുമായി’ പങ്കിട്ടത്.

വീടുകള്‍ കയറി കൊള്ളയടിച്ചും തീവെപ്പ് നടത്തിയും സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും അവര്‍ വലിയ അക്രമം നടത്തിയെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട തങ്ങള്‍ക്ക് ജീവിക്കണമെന്ന ആഗ്രഹം പോലും ഇന്ന് ഇല്ലാതായെന്നുമാണ് സ്ത്രീകള്‍ പറയുന്നത്.

”ഞാന്‍ ചാന്ദ്ബാഗിലെ പ്രതിഷേധ സ്ഥലത്ത് നില്‍ക്കുകയായിരുന്നു. പ്രതിഷേധ കൂട്ടായ്മയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. അവരെ എങ്ങോട്ടാണ് നിങ്ങള്‍ കൊണ്ടുപോകുന്നതെന്നും എന്തിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്നും ഞങ്ങള്‍ ചോദിച്ചു.

ഇതോടെ ‘ജയ് ശ്രീ റാം’ എന്ന് ആക്രോശിച്ച് ഒരു കൂട്ടം വലതുപക്ഷക്കാര്‍ ഞങ്ങളുടെ അടുത്തെത്തി, അവരില്‍ നാലുപേര്‍ അവരുടെ പാന്റ്‌സ് വലിച്ചൂരി അവരുടെ ജനനേന്ദ്രിയം ഞങ്ങള്‍ക്ക് നേരെ കാണിക്കുകയും ‘യെ ലോ ആസാദി’ (‘Here, take freedom.’) എന്ന് ആക്രോശിക്കുകയും ചെയ്തു”, ഒരു യുവതി പറഞ്ഞു.

”ഇതോടെ ഞങ്ങളുടെ ആളുകള്‍ ഞങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനായി മുന്നില്‍ വന്നു നിന്നു. ഇതോടെ ആള്‍ക്കൂട്ടം അവരുടെ നേരെ കല്ലെറിയാന്‍ തുടങ്ങി. പൊലീസ് ആകട്ടെ പ്രതിഷേധത്തിന് പിന്നില്‍ പോയി കണ്ണീര്‍ വാതക ഷെല്ലുകള്‍ ഞങ്ങള്‍ക്ക് നേരെ പ്രയോഗിക്കാന്‍ തുടങ്ങി. ഇതോടെ ഞങ്ങള്‍ക്ക് ചുമയും അസ്വസ്ഥതയും തുടങ്ങി. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി”, യുവതി പറയുന്നു.

ഇതിനിടെ ഞാന്‍ അബോധാവസ്ഥയിലായി. പ്രായമായ സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പൊലീസ് അക്രമത്തില്‍ പരിക്കേറ്റു.

സ്ത്രീകളെ റോഡിലേക്ക് കൊണ്ടുവരൂ എന്ന് അവര്‍ ആക്രോശിക്കുന്നത് താന്‍ കേട്ടിരുന്നെന്നും സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് ആക്രമിക്കൂവെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നെന്നും യുവതി  പറഞ്ഞു. ഈ സമയമൊക്കെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

ചാന്ദ്ബാഗിലെ മുസ്‌ലീം സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമ ഭീഷണി മാത്രമാണ് ഉയര്‍ന്നതെങ്കില്‍ ശിവ് വിഹാറില്‍ നിരവധി മുസ്‌ലീം സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്നാണ് ശിവ് വിഹാറില്‍ നിന്ന് പലായനം ചെയ്ത ആളുകള്‍ പറയുന്നത്.
ശിവവിഹാറിലെ വീടുകളില്‍ നിന്ന് ഓടിപ്പോയ ഒരു കൂട്ടം സ്ത്രീകള്‍ മുസ്തഫാബാദിലാണ് അഭയം തേടിയത്.

”അവര്‍ ഇവിടെ വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടപ്പോള്‍ ഭയത്തോടെ ഞങ്ങള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു. അവര്‍ ഞങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞു. ലാത്തി ഉപയോഗിച്ച് അവര്‍ വാതിലുകള്‍ തകര്‍ന്നു. പള്ളികള്‍ കത്തിച്ചു. പുരുഷന്‍മാരെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ജീവനില്‍ കൊതിയുള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ മറ്റെല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു”, ഒരു യുവതിയുടെ വാക്കുകളാണ് ഇത്.

”എന്റെ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന യുവതി അവളുടെ മകളേയും കൊണ്ട് വീടിന്റെ ടെറസിലേക്ക് ഓടിക്കയറി. അവിടെ സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. എന്നാല്‍ അക്രമികളെ അവിടെ കണ്ടതോടെ അവര്‍ ടെറസില്‍ നിന്ന് ചാടി. അവരുടെ മകളുടെ കാലുകള്‍ ഒടിഞ്ഞു. വീടിന്റെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരാളുടെ മകളോട് അവര്‍ ക്രൂരമായി പെരുമാറി. അവള്‍ പിന്നീട് കൊല്ലപ്പെട്ടു. അവള്‍ അപമാനത്തിന് ഇരയായിട്ടുണ്ട്. നിങ്ങള്‍ക്ക് മനസിലാകുമെന്ന് കരുതുന്നു…” ,അമീന ( പേര് യഥാര്‍ത്ഥമല്ല) പറയുന്നു. (എന്നാല്‍ ഇതിന്റെ നിജസ്ഥിതി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു)

” അവര്‍ ഞങ്ങളുടെ ഉന്തുവണ്ടി കത്തിച്ചുകളഞ്ഞു. വേവിച്ച മുട്ടകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു. വാടകയ്ക്ക് എടുക്കുന്നതിന് പകരം 5000 രൂപ കൊടുത്ത് അത് വാങ്ങിയിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ. ഇനി എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കുട്ടികള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കും? ”, അമീന ചോദിക്കുന്നു.

”എന്റെ മകള്‍ക്ക് ടി.ബി ഉണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിട്ടുപോലും ഖുറേജിയിലുള്ള ഡോക്ടറെ കാണിക്കാനായി ഞാന്‍ മകളേയും കൊണ്ടുപോയി. ചേലാകര്‍മം നടത്തിയവരൊക്കെ ഇന്ത്യയില്‍ താമസിക്കുകയാണെന്നും ഇവര്‍ പാക്കിസ്ഥാനില്‍ പോകേണ്ടവരാണെന്നുമാണ് അവര്‍ പറഞ്ഞത്. ചേലാകര്‍മം നടത്തിയവര്‍ക്ക് മരുന്ന് കൊടുക്കരുതെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ മരുന്നിനായി ഇനി എങ്ങോട്ടാണ് പോകേണ്ടത്? അമീന ചോദിക്കുന്നു.

ഞങ്ങളെ ആക്രമിക്കാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ അധികം പേരും പുറത്തുനിന്നുള്ളവരായിരുന്നു, പക്ഷേ ചിലര്‍ നാട്ടുകാരുമായിരുന്നു. ഞങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഇവര്‍ അക്രമികള്‍ക്ക് പറഞ്ഞു കൊടുത്തു. ഇത് ഹിന്ദുക്കളുടെ വീടാണ്, ഇത് മുസ്‌ലീങ്ങളുടെ വീടാണ് എന്ന് അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.

”അവര്‍ എല്ലാം കൊള്ളയടിച്ചു. ഞങ്ങളുടെതെല്ലാം അവര്‍ എടുത്തു. ആകെ വസ്ത്രങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇവിടെ നിന്നും ഓടിപ്പോയില്ലായിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ കൊന്നേനെ, ഞങ്ങളുടെ മക്കളെയും കൊലപ്പെടുത്തുമായിരുന്നു.

ഞങ്ങള്‍ ഇതെല്ലാം എങ്ങനെ അതിജീവിച്ചതെന്ന് എനിക്കറിയില്ല, അവര്‍ എല്ലാം എടുത്തു. എനിക്ക് ഇവിടെ താമസിക്കാന്‍ അവകാശമുണ്ടോ? എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ ജീവിക്കാന്‍ തന്നെ ആഗ്രഹമില്ല. ഇതിനേക്കാള്‍ ഭേദം അന്ന് അവര്‍ ഞങ്ങളെ കൊന്നുകളയുന്നതായിരുന്നു. എന്റെ വീടിനൊപ്പം ഞാനും മക്കളും കത്തിച്ചാരമായാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ഈ വീട്ടില്‍ ഞങ്ങള്‍ ഇനി എങ്ങനെ താമസിക്കും”, യുവതി  ചോദിക്കുന്നു.

” ഞങ്ങള്‍ മനുഷ്യരല്ലേ? ഹിന്ദുക്കള്‍ മാത്രമാണോ മനുഷ്യര്‍? മുസ്‌ലീങ്ങളെ മനുഷ്യരായി പരിഗണിക്കില്ലേ? ഞങ്ങള്‍ എങ്ങനെയാണ് മര്‍ദ്ദിക്കപ്പെട്ടതെന്നും ഞങ്ങളുടെ പള്ളികള്‍ എങ്ങനെയാണ് അവര്‍ കത്തിച്ചതെന്നും മാധ്യമങ്ങള്‍ കാണിക്കണം. കപില്‍ മിശ്രയാണ് ഇതിനെല്ലാം ഉത്തരവാദി”, മറ്റൊരു യുവതി പറഞ്ഞു.

പള്ളിയിലെ ഇമാമിനും അവരുടെ മകള്‍ക്കും നേരെ അക്രമികള്‍ ആസിഡ് ഒഴിച്ചെന്നാണ് മറ്റൊരു യുവതിയുടെ വെളിപ്പെടുത്തല്‍.
മറ്റൊരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ”അവര്‍ ഞങ്ങളുടെ വീടിനെ ഒരു ശ്മശാനമാക്കി മാറ്റി. കുട്ടികള്‍ നില്‍ക്കാന്‍ പോലും കഴിയാത്തവിധം ഭയപ്പെടുകയാണ്. ഓടിപ്പോകേണ്ടി വരുമോ എന്നാലോചിച്ച് അവര്‍ വിറയ്ക്കുകയാണ്.

അക്രമ സമയത്ത് ഖുറാന്‍ എടുക്കാന്‍ പോയ എന്റെ സഹോദരനെ പൊലീസ് തടഞ്ഞു. എങ്ങോട്ടാണ് പോകുന്നതെന്നും ആരാണെന്നുമൊക്കെ പൊലീസ് ചോദിച്ചു. എന്റെ ഖുറാന്‍ എനിക്ക് തിരിച്ചു തരണമെന്ന് സഹോദരന്‍ പറഞ്ഞു. ഇതോടെ രോഷാകുലരായ പൊലീസ് സഹോദരനെ കൊണ്ട് നിരവധി തവണ ഏത്തമിടീപ്പിച്ചു. ഖുറാന്‍ കൈയില്‍ വെച്ച് കൊണ്ട് അങ്ങനെ ചെയ്യാനായിരുന്നു ശിക്ഷ. ഇവിടെ ഇനി എങ്ങനെയാണ് ഞങ്ങള്‍ ജീവിക്കുക? ഇനി ഞങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ആരെങ്കിലും പറഞ്ഞു തരണം. – അവര്‍ പറയുന്നു.

ഒന്‍പതാം തരത്തില്‍ പഠിക്കുന്ന മിന്‍സാഹും മെറീനും പറയുന്നത് അവര്‍ക്ക് ഇത്തവണത്തെ പരീക്ഷ എഴുതാന്‍ പോലും സാധിച്ചില്ലെന്നാണ്.

ഗര്‍ഭിണിയായ റിഫാത്ത് അക്രമത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ.

”ഞങ്ങള്‍ മറ്റൊരാളുടെ ടെറസിലൂടെ കയറി രക്ഷപ്പെടുകയായിരുന്നു. അവര്‍ ആളുകളെ വെട്ടി അഴുക്കുചാലിലേക്ക് തള്ളിയിടുന്നത് കണ്ടു. പൊലീസ് പോലും ഞങ്ങളെ സഹായിച്ചില്ല. പകരം അവരെ സഹായിക്കുകയായിരുന്നു. അവര്‍ ആളുകളെ വെടിവെച്ചിടുത്തുന്നത് വീടിന്റെ മുകളിലിരുന്ന് കണ്ണുകൊണ്ട് ഞാന്‍ നേരില്‍ കണ്ടതാണ്.

രണ്ട് പേര്‍ ചേര്‍ന്ന് ഒരാളെ മോട്ടോര്‍ ബൈക്കില്‍ കയറ്റി പൊലീസിനടുത്തേക്ക് എത്തിക്കുന്നത് കണ്ടു. പൊലീസ് അവിടെ വെച്ച് അയാളെ വെടിവെച്ചു. അങ്ങേയറ്റത്തെ പ്രയാസത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്. ഇത് പറയുമ്പോഴെല്ലാം എന്റെ ഹൃദയം വേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുകയാണ്.

മോദിയും അമിത് ഷായും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവര്‍ക്ക് വരാന്‍ കഴിയാത്തത്ര ദൂരമാണ് ഇവിടേക്കെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ അത് ടിവിയിലൂടെയെങ്കിലും ആകാമായിരുന്നു. ഇത് എന്ത് തരത്തിലുള്ള സര്‍ക്കാരാണ്? ഞങ്ങള്‍ ഇവിടെ ഭയന്ന് വിറയ്ക്കുമ്പോള്‍ അവര്‍ അഹമ്മദാബാദിലേക്കും അലഹബാദിലേക്കും കൊല്‍ക്കത്തയിലേക്കുമുള്ള യാത്രകളിലാണ്.

”നിങ്ങള്‍ ലോകമെമ്പാടും റാലികള്‍ നടത്തുകയാണ്, പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ കാണാന്‍ കഴിയുന്നുണ്ടോ? നിങ്ങള്‍ പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ആളുകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാത്രമേ അവ ഉപയോഗപ്രദമാകൂ. ഞങ്ങള്‍ ജീവിച്ചിരിക്കാത്ത പക്ഷം നിങ്ങളുടെ ഈ പദ്ധതികളെ കൊണ്ടെല്ലാം എന്ത് ഉപയോഗമാണ് ഉള്ളത്?


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും