സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിര്‍ഭയ കേസ്: വധശിക്ഷയിൽ ഇളവു തേടി പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ദയാഹർജി നല്‍കി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനുവരി 22നാണ് കേസിൽ നാലു പ്രതികളെയും തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

കേസിൽ 2 പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. മുകേഷ് സിങ്, വിനയ് ശർമ എന്നിവരാണ് തിരുത്തൽ ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജികൾ തള്ളി. ദയാഹർജി രാഷ്ട്രപതിയും തള്ളിയാൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കും. 

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. 

നിർഭയ കേസിൽ ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് പട്യാലഹൗസ് കോടതി ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും