സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ഗുരുതര ആരോപണങ്ങള്‍

വിമെൻ പോയിന്റ് ടീം

കായികമന്ത്രി ഇ.പി ജയരാജനെതിരെ പരാതി നല്‍കിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ കായികതാരവുമായ അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ഗുരുതര ആരോപണങ്ങള്‍. കര്‍ണാടകയില്‍ സ്ഥിര താമസമാക്കിയ അഞ്ജു കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും സഹോദരന് അനധികൃത നിയമനത്തിന് ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കെ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബംഗളുരുവില്‍നിന്നു വന്നുപോകുന്നു എന്നതാണ് അഞ്ജുവിനെതിരേ ആദ്യം ഉയര്‍ന്നിരുന്ന ആക്ഷേപം. ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജുവിനെ പ്രസിഡന്റാക്കരുതെന്ന് പി.സി ജോര്‍ജ്ജ് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഒഴിവ് സമയങ്ങളില്‍ മാത്രം സംസ്ഥാനത്തിന്റെ കായിക കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എങ്ങനെ കഴിയുമെന്നായിരുന്നു വിമര്‍ശനമുയര്‍ന്നിരുന്നത്.

ദേശീയ അത്‌ലറ്റിക്‌സ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എന്ന പദവിയും അഞ്ജുവിന് ലഭിച്ചിരുന്നു. കസ്റ്റംസില്‍നിന്നു ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയ അഞ്ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നാണ് ചട്ടം. ഇതു ലംഘിച്ച് ബംഗളുരുവില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരില്‍ സ്‌പോര്‍ട്‌സ് അക്കാദമിയും തുടങ്ങി. ഇതിനിടെ കേരളത്തില്‍ വന്നുപോകാനുള്ള വിമാനയാത്രച്ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

അഞ്ജുവിനെതിരെ ഉയര്‍ന്ന മറ്റൊരാരോപണം സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത് മാര്‍ക്കോസിനെ 80,000 രൂപ ശമ്പളത്തില്‍ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാന്‍ നടത്തി എന്നതാണ്.

നേരത്തെ പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ ഇതിനായി നീക്കം നടത്തിയിരുന്നെങ്കിലും യോഗ്യതയില്ലെന്ന് കണ്ട് നിയമനം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രസിഡന്റായി അഞ്ജു എത്തിയതോടെ വീണ്ടും നീക്കം നടത്തിയെന്നാണ് ആരോപണം. സഹോദരന് അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ലഭിച്ചിട്ടുമുണ്ട്.

അതേ സമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അഞ്ജു പറഞ്ഞു. തന്റെ സഹോദരന് ജോലി നല്‍കിയത് മുന്‍ യു.ഡി.എഫ്. സര്‍ക്കാരാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നിയമനം നടത്താന്‍ അധികാരമില്ല. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ് നല്‍കിയത്. കായികമന്ത്രി ഉന്നയിച്ച ഏതു ആരോപണത്തിലും അന്വേഷണം നേരിടാന്‍ തയാറാണെന്നും അഞ്ജു പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പി.ടി ഉഷയെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഉഷ സ്‌കൂളിലെ തിരക്ക് പറഞ്ഞ് പദവി ഏറ്റെടുക്കാന്‍ ഉഷ വിസമ്മതിച്ചതോടെയാണ് അഞ്ജുവിനെ കൗണ്‍സില്‍ പ്രസിഡന്റാക്കിയിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും