ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അലീനയുടെ കരവിരുതുമായി ഈവർഷത്തെ ശിശുദിന സ്റ്റാമ്പ് പുറത്തിറങ്ങും. സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നു പങ്കെടുത്ത 200 ഓളം കുട്ടികളുടെ മത്സരത്തിൽ നിന്നാണ് അലീനയുടെ സ്റ്റാമ്പ് തിരഞ്ഞെടുത്ത്. തിരുവനന്തപുരം വഴുതക്കാട് കാൽമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായണ് അലീന .എ.പി. നവോത്ഥാനം നവകേരള നിർമ്മിതിക്ക് എന്ന ആശയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ വില്ലു വണ്ടിയും ക്ഷേത്ര പ്രവേശന വിളംബരവും ഉൾപ്പെടെ വർണങ്ങളിൽ ചാലിച്ചാണ് അലീന സ്റ്റാമ്പ് തയ്യാറാക്കിയത്. 2017-ലെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കുട്ടികളുടെ നേതാക്കളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.പൂജപ്പുര കേശവശ്രീയിൽ ബിൽഡിംഗ് കോൺട്രാക്ടർ ജെ. പ്രസന്നന്റെയും ആൻസി എസ്. സാമിന്റെയും ഏക മകളാണ്. ചിത്രരചന, ക്ലേ മോഡലിംഗ്, കാർട്ടൂൺ, ഡിജിറ്റൽ പെയിന്റിംഗ്, പ്രസംഗം, സാഹിത്യ രചന എന്നിവയിൽ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലളിത കലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 14ന് കനകക്കുന്നിൽ നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.കെ. ശൈലജയ്ക്ക് നൽകി സ്റ്റാമ്പ് പ്രകാശനം ചെയ്യും. സ്റ്റാമ്പ് രൂപകല്പന ചെയ്ത അലീനയ്ക്കുള്ള അവാർഡുകളും സ്കൂളിനുള്ള റോളിംഗ് ട്രോഫിയും മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക് അറിയിച്ചു.