ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് രണ്ടു വനിതകള്‍. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക് മെയറുമാണ് ബഹിരാകാശത്ത് നടന്ന് തുടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കാനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ഇതു വരെ 14 സ്രീകളാണ് ബഹിരാകാശത്ത് നടന്നിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കൊപ്പമെല്ലാം പുരുഷന്‍മാരും ഉണ്ടായിരുന്നു.ലോക വനിതാദിനമായ മാര്‍ച്ച് 8 ന് നാസ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ബഹിരാകാശ നടത്തത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ യാത്രികരിലൊരാള്‍ക്ക് പാകമായ വസ്ത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത് മാറ്റി വെക്കുകയായിരുന്നു. ജസീക്ക മെയറുടെ ആദ്യത്തെ ബഹിരാകാശ നടത്തമാണ് ഇത്. ക്രിസ്റ്റീന കോച്ചിന്റെ നാലാമത്തേതും. ഭൂമിയില്‍ നിന്ന് ഏകദേശം 408 കിലോമീറ്റര്‍ മുകളിലായാണ് നിലയത്തിന്റെ പ്രവര്‍ത്തനം. ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം വെള്ളിയാഴ്ച രാവിലെ 7.50 നായിരുന്നു ഇരുവരും നിലയത്തിനു പുറത്തിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ നാസ യൂട്യൂബില്‍ പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഒരു ബാറ്ററി പാക്ക് മാറ്റിയപ്പോള്‍ വന്ന പ്രശ്‌നം മൂലമാണ് പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നതെന്ന് നാസ അധികൃതര്‍ പറഞ്ഞു.ബഹിരാകാശ നിലയം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭ്രമണപഥത്തിലേക്ക് നേരിട്ട്് സൂര്യപ്രകാശം ലഭിക്കാത്തതു കൊണ്ടാണ് ബാറ്ററി വേണ്ടി വരുന്നത്.