സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

70 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെടുത്ത റെനിയയുടെ ഡയറി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു

വിമെന്‍ പോയിന്‍റ് ടീം

:’ഈ ദിവസം ഓര്‍മിക്കുക, നന്നായി ഓര്‍മിക്കുക വരാനിരിക്കുന്ന തലമുറയോട് നിങ്ങളിത് പറയണം ഇന്ന് 8 മണിമുതല്‍ ഞങ്ങളെ ഗൊട്ടോയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഞാനിനി ഇവിടെയാണ്..ലോകം എന്നില്‍ നിന്നും വേര്‍പെട്ടിരിക്കുന്നു. ഞാന്‍ ലോകത്തില്‍ നിന്നും’. -റെനിയ സ്പെഗള്‍ എന്ന 18 വയസ്സുകാരിയായ ജൂതപെണ്‍കുട്ടി 1942 ജൂലൈ 15 ന് നാസി പട്ടാളത്തിന്റെ തടവറയിലായ ദിവസം തന്റെ ഡയറിയില്‍ കുറിച്ചവാക്കുകളാണിത്. അതേ വര്‍ഷം തന്നെ ഈ പെണ്‍കുട്ടിയെ നാസികള്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതര്‍ക്കായി ഒരുക്കിയ ഹോളോകോസ്റ്റ് തടവറയിലെ ക്രൂരതകളും 14 വയസ്സുതല്‍ 18 വയസ്സുവരെയുള്ള തന്റെ കൊച്ചു ജീവിതത്തിലെ പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും കവിതകളും അടങ്ങിയ ഡയറിയെപറ്റി കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്ന പേരാണ് ‘ ആന്‍ഫ്രാങ്ക്.’

പക്ഷേ 1942 ല്‍ ആന്‍ഫ്രാങ്ക് ഡയറി എഴുതിതുടങ്ങുന്ന വര്‍ഷമാണ് റെനിയ വെടിയേറ്റു മരിക്കുന്നത്. ലോകം വായിക്കപ്പെടേണ്ട റെനിയയുടെ ഡയറി പുറംലോകം കാണാന്‍ എടുത്തത് എഴുപത് വര്‍ഷമാണ്. 2012ല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഡയറി റെനിയയുടെ കുടുംബമാണ് വിപുലമായി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.

അവിചാരിത സംഭവങ്ങളില്‍ തട്ടി തടഞ്ഞുനിന്ന റെനിയയുടെ ഡയറിയുടെ നാള്‍ വഴികള്‍ ഏറെയാണ്.

1939 ല്‍ ആണ് റെനിയ ഡയറി എഴുതാന്‍ തുടങ്ങുന്നത്. യുദ്ധകാലത്ത് അമ്മയുടെ അടുത്തുനിന്നു മാറി കിഴക്കന്‍ പോളണ്ടിലെ പ്ലസ്മിസില്‍ എന്നസ്ഥലത്താണ് തന്റെ മുത്തശ്ശിയോടൊപ്പം റെനിയ കഴിഞ്ഞു വന്നത്.

സോവിയറ്റ് യൂണിയന്റെ കൈയ്യിലായിരുന്ന കിഴക്കന്‍ പോളണ്ട് 1941 ല്‍ നാസികള്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷക്കാലത്തോളം ഒളിവില്‍ കഴിഞ്ഞ റെനിയയും സംഘത്തെയും പിടിക്കുമെന്നുറപ്പായപ്പോള്‍ തന്റെ ഡയറി അവള്‍ കൂട്ടുകാരനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.നാസികളില്‍ നിന്നും രക്ഷപ്പെട്ട അവളുടെ കൂട്ടുകാരന്‍ ഓസ്റ്റ്വിച്ചിലേക്ക് പോകുന്നതിനുമുമ്പ് ഡയറി മറ്റൊരാള്‍ക്ക് കൈമാറുകയും തുടര്‍ന്ന് 1950 ല്‍ ഡയറി തിരികേ വാങ്ങി ന്യൂയോര്‍ക്കിലുള്ള റെനിയയുടെ അമ്മയ്ക്കും സഹോദരിക്കും കൈമാറുകയുമായിരുന്നു.

എന്നാല്‍ അവിടെയും ആ ഡയറി വായിക്കപ്പെട്ടില്ല. പ്രിയസഹോദരിയുടെ ഡയറിയുടെ ചിലഭാഗങ്ങള്‍ വായിച്ചപ്പോല്‍ തന്നെ ദുഖം സഹിക്കവയ്യാതെ അവരത് മുഴുവന്‍ വായിക്കാതെ ബാങ്ക്ലോക്കറില്‍ സൂക്ഷിച്ചു വെച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2012 ല്‍ അവരുടെ മകള്‍ക്ക് ഡയറിയില്‍ എഴുതിയത് വായിക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴാണ് ഡയറി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്.

തുടര്‍ന്നാണ് റെനിയയുടെ ആത്മാവിഷ്‌കാരമായ ഡയറി പുറംലോകം കാണുന്നത്. ഒരു കവിയത്രിയാകണെമെന്നാഗ്രഹിച്ച റെനിയയുടെ നിരവധി കവിതകളും അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡയറിയിലെ വരികളിലുടനീളം ശുഭകരമായ ഭാവിയെ റെനിയ സ്വപ്നം കാണുന്നുണ്ട്. ലോകമനസാക്ഷിയെ പിടിച്ചുകുലുക്കിയ ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറുപ്പകള്‍ പോലെ യുദ്ധ ഭീകരത വെളിവാക്കുന്ന റെനിയയുടെ ഡയറിയുടെ ഡയറി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും