സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മൂന്നാറിൽ ജീപ്പിൽനിന്നു വീണ ഒന്നരവയസ്സുകാരി മുട്ടിലിഴഞ്ഞ് വനം വകുപ്പ്‌ ചെക്ക്പോസ്റ്റിൽ

വിമെന്‍ പോയിന്‍റ് ടീം

മൂന്നാറിൽ ജീപ്പിൽ ഉറങ്ങിപ്പോയ അമ്മയുടെ മടിയിൽനിന്ന്‌ രാത്രി റോഡിലേക്ക് തെറിച്ചുവീണ  ഒന്നര വയസ്സുകാരി മുട്ടിലിഴഞ്ഞ് വനംവകുപ്പ് ചെക്ക്പോസ്റ്റിലെത്തി. അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെ ജീവനക്കാർ മാതാപിതാക്കൾക്ക്‌ കൈമാറി. രാത്രിയിൽ വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശത്താണ്‌ കുട്ടി വീണത്‌. 

50 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ്‌ കുഞ്ഞ് നഷ്ടപ്പെട്ട വിവരം രക്ഷിതാക്കൾ അറിഞ്ഞത്. ഇടുക്കി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കൽ സതീശ്, -സത്യഭാമ ദമ്പതികളുടെ മകൾ രോഹിതയാണ് ജീപ്പിൽനിന്ന്‌ തെറിച്ചുവീണത്‌. ഞായറാഴ്ച രാത്രി 9.45 ഓടെ വിനോദസഞ്ചാരകേന്ദ്രമായ രാജമലയിലാണ് സംഭവം. ജീപ്പിൽനിന്ന്‌ വീണ കുഞ്ഞ്‌ ഇരുട്ടിൽ വെളിച്ചംകണ്ട ഭാഗത്തേക്ക്‌ ഇഴഞ്ഞെത്തുകയായിരുന്നു. നെറ്റിക്ക്‌ പരിക്കേറ്റെങ്കിലും കരയാതെ പടവുകൾ ഇറങ്ങി വരുന്നത്‌ സിസിടിവി ദൃശ്യങ്ങളിൽ കാണാം.

പഴനി ക്ഷേത്രദർശനം കഴിഞ്ഞ്  മടങ്ങിയ ദമ്പതികൾ മൂന്നാർ വഴി കമ്പിളികണ്ടത്തേക്ക് പോകുകയായിരുന്നു. രാജമലയ്ക്ക് സമീപം വളവ് തിരിഞ്ഞപ്പോളാണ്‌ കുഞ്ഞ് തെറിച്ചുവീണത്‌. രാത്രി 11.30 ഓടെ കമ്പിളികണ്ടത്ത് എത്തി മറ്റൊരു വാഹനത്തിൽ കയറാൻ തുടങ്ങുമ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം രക്ഷിതാക്കൾ അറിയുന്നത്. ഉടൻ വെള്ളത്തൂവൽ പൊലീസ്‌ സ്റ്റേഷനിൽ വിവരം നൽകി. അതിനിടെ രാത്രി പത്തോടെ രാജമല ടിക്കറ്റ് കൗണ്ടറിനു സമീപം കുഞ്ഞിനെ കണ്ടെത്തിയ വനംവകുപ്പ് ജീവനക്കാർ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മിയെ വിവരമറിയിച്ചു. ഇവർ മൂന്നാർ പൊലീസിൽ അറിയിച്ച ശേഷം  രാജമലയിലെത്തി. പിന്നീട് പൊലീസ് സംഘവും രാജമലയിലെത്തി. നെറ്റിയിൽ നിസാര പരിക്കേറ്റ കുഞ്ഞിനെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു.

സിസിടിവി പരിശോധിച്ചപ്പോൾ 9.45  ന്  ജീപ്പ് കടന്നുപോകുന്നതും റോഡിൽ നിന്ന്‌ കുഞ്ഞ് മുട്ടിലിഴഞ്ഞ് ചെക്ക്പോസ്റ്റിനു സമീപത്തേക്ക് വരുന്നതും ദൃശ്യത്തിൽ കണ്ടു.  രാത്രി 1.30 ഓടെ രക്ഷിതാക്കൾ മൂന്നാറിലെത്തി  കുഞ്ഞിനെ ഏറ്റുവാങ്ങി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും