ഹോര്‍മോണ്‍ മാറ്റിവെയ്ക്കല്‍ (എച്ച്ആര്‍ടി) സ്ത്രീകളില്‍ ഉണ്ടാക്കുന്ന കാന്‍സര്‍ സാധ്യത മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണെന്ന് പഠനം. എച്ച്ആര്‍ടി ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളില്‍ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കൂടിയാല്‍ ഒരു വര്‍ഷം മാത്രമേ അപകടമില്ലാതിരിക്കൂ. അതിനപ്പുറം എത്രത്തോളം ഹോര്‍മോണ്‍ മാറ്റിവെയ്ക്കല്‍ ചികിത്സ തേടുന്നുവോ അത്രത്തോളം അപകടസാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. നേരത്തെ കരുതിയിരുന്നതുപോലെ ഹോര്‍മോണ്‍ ചികിത്സയെടുക്കുന്നത് അവസാനിപ്പിച്ചാല്‍ അപകടസാധ്യതയും കുറയും എന്നതും അവര്‍ നിരാകരിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍, നേരത്തെ എച്ച്ആര്‍ടി സ്വീകരിക്കുകയോ നിലവില്‍ തുടരുകയോ ചെയ്യുന്ന സ്ത്രീകള്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് യുകെയിലെ ഡ്രഗ് ലൈസന്‍സിംഗ് ബോഡി നിര്‍ദ്ദേശം നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സും ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തേക്ക് ദിവസേന ഈസ്ട്രജനും പ്രോജസ്റ്റോജനും പോലുള്ള ഹോര്‍മോണുകള്‍ എടുക്കുന്ന ശരാശരി ഭാരമുള്ള 50 സ്ത്രീകളില്‍ ഒരാള്‍ക്ക് തല്‍ഫലമായി സ്തനാര്‍ബുദം ഉണ്ടാകുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. എച്ച്ആര്‍ടി നിറുത്തിയാലും പത്തോ അതിലധികമോ വര്‍ഷത്തോളം അപകട സാധ്യത നിലനില്‍ക്കും എന്നും പറയുന്നു. യുകെയില്‍ ഏകദേശം 1 ദശലക്ഷം സ്ത്രീകളും, യൂറോപ്പില്‍ 5 ദശലക്ഷവും, യുഎസില്‍ 6 ദശലക്ഷവും എച്ച്ആര്‍ടി എടുക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ, എച്ച്ആര്‍ടി എടുക്കുന്ന അല്ലെങ്കില്‍ എപ്പോഴെങ്കിലും എടുത്തിട്ടുള്ള സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ) പറയുന്നു. കൂടാതെ ഉടന്‍തന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറെ കാണണമെന്നും ബ്രെസ്റ്റ് സ്‌ക്രീനിംഗിന് വിധേയമാകണമെന്നും ആവശ്യപ്പെടുന്നു. ‘ആര്‍ത്തവവിരാമം അസുഖകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. അത് ലഘൂകരിക്കാന്‍ എച്ച്ആര്‍ടി ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമാണ്. പൂര്‍ണ്ണമായും അപകടസാധ്യതയില്ലാത്ത ഒരു മരുന്നുമില്ല. എന്നാല്‍, അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും കൃത്യമായ അവബോധം ഉണ്ടാവുകയും അതിനനുസരിച്ച് തീരുമാനമെടുക്കാന്‍ കഴിയുകയും വേണ’മെന്ന് എംഎച്ച്ആര്‍എയുടെ വിജിലന്‍സ് ആന്‍ഡ് മെഡിസിന്‍ ഡിവിഷന്റെ റിസ്‌ക് മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സാറാ ബ്രാഞ്ച് പറഞ്ഞു.