സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രൊഫസറായി അംഗീകരിക്കണമെങ്കില്‍ റൊമീല ഥാപ്പര്‍ സി.വി ഹാജരാക്കണമെന്ന് ജെ.എന്‍.യു അധികൃതര്‍

വിമെന്‍ പോയിന്‍റ് ടീം

 പ്രമുഖ ചരിത്രകാരി റൊമീലാ ഥാപ്പറോട് സി.വി ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ജെ.എന്‍.യു അധികൃതര്‍. എമെറിറ്റ പ്രൊഫസര്‍ പദവിയില്‍ തുടരണമെങ്കില്‍ ഥാപ്പറുടെ അക്കാദമിക പ്രവര്‍ത്തി പരിചയം സര്‍വകലാശാല കമ്മിറ്റിയ്ക്ക് വിലയിരുത്തേണ്ടതുണ്ടെന്നാണ് ജെ.എന്‍.യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ റൊമീല ഥാപ്പര്‍ക്ക് കത്തെഴുതിയിരിക്കുന്നത്.

87 കാരിയായ റൊമീല ഥാപ്പര്‍ ജെ.എന്‍.യുവില്‍ പ്രൊഫസറായിരുന്നു. വിരമിച്ചതിന് ശേഷം എമെറിറ്റ പ്രൊഫസര്‍ (Professor Emerita) പദവിയില്‍ തുടരുകയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള വളരെ കുറച്ച് അക്കാദമിക്കുകള്‍ക്ക് മാത്രമാണ് ജെ.എന്‍.യു ഈ പദവി നല്‍കുന്നത്. വിരമിക്കുന്ന പ്രൊഫസറുടെ വകുപ്പിന്റെ നിര്‍ദേശപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍, എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ എന്നിവ ചേര്‍ന്നാണ് പദവിയിലേക്ക് തെരഞ്ഞെടുക്കുന്നത്.

എമെറിറ്റ പ്രൊഫസറായി തുടരുന്നയാള്‍ക്ക് സര്‍വകലാശാല വേതനമൊന്നും നല്‍കുന്നില്ല. അക്കാദമിക് ജോലികള്‍ തുടരുന്നതിനായി സര്‍വകലാശാലയില്‍ ഒരു മുറിയും വല്ലപ്പോഴും ക്ലാസെടുക്കാനും വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കാനും മാത്രമാണ് അനുമതി.

രജിസ്ട്രാറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലയിലെ മൂന്ന് മുതിര്‍ന്ന ഫാക്കല്‍റ്റി അംഗങ്ങള്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. എമെറിറ്റ പ്രൊഫസര്‍മാരോട് സി.വി ഹാജരാക്കാന്‍ ആവശ്യപ്പെടാറില്ലെന്നും ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആജീവനാന്തകാലത്തേക്ക് തുടരുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

1970 മുതല്‍ 1991 വരെ ജെ.എന്‍.യുവില്‍ പ്രൊഫസറായിരുന്ന ഥാപ്പര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി അധ്യാപന, ഗവേഷണ മേഖലയില്‍ സജീവമാണ്. റൊമീല ഥാപ്പറുടെ പുസ്തകമായ ‘ദ പബ്ലിക്ക് ഇന്റലക്ച്വല്‍ ഇന്‍ ഇന്‍ഡ്യ’ യില്‍ മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് വിമര്‍ശനമുന്നയിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും