സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വ്യക്തിപരമായി അഭിപ്രായം പറയാന്‍ പ്രിയങ്ക ചോപ്രയ്ക്ക് അവകാശമുണ്ട്; വിവാദത്തില്‍ പ്രതികരിച്ച് യൂനിസെഫ്

വിമെന്‍ പോയിന്‍റ് ടീം

ഗുഡ്‌വില്‍ അംബാസിഡര്‍ ആണെന്ന കാരണത്താല്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നതില്‍ നിന്നും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിലക്കാനാവില്ലെന്ന് യൂണിസെഫ്.

പ്രിയങ്ക ചോപ്രയ്ക്ക് വ്യക്തിപരമായി അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഗുഡ്‌വില്‍ അംബാസിഡര്‍ ആയതുകൊണ്ട് അവരെ അതില്‍ നിന്നും തടയാന്‍ സാധിക്കില്ലെന്നുമായിരുന്നു യൂണിസെഫിന്റെ പ്രതികരണം.

യൂനിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ ആയിരിക്കെ ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രിയങ്ക ചോപ്രയുടെ ട്വിറ്റര്‍ പോസ്റ്റ് വിവാദമായിരുന്നു.

പ്രിയങ്ക ചോപ്രയെ ഗുഡ്വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ മന്ത്രി യൂനിസെഫിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി യൂനിസെഫ് രംഗത്തെത്തിയത്.യുനിസെഫ് ഗുഡ്വില്‍ അംബാസഡര്‍മാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അവര്‍ക്ക് താല്‍പ്പര്യമുള്ളതോ ആശങ്കപ്പെടുന്നതോ ആയ പ്രശ്‌നങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അതിന് അവര്‍ക്ക് അവകാശമുണ്ട്.- യു.എന്‍ വക്താവ് പ്രതികരിച്ചു.

അവരുടെ വ്യക്തിപരമായ നിലപാടുകളോ പ്രവര്‍ത്തനങ്ങളോ യുനിസെഫിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അവര്‍ യുനിസെഫിനെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോള്‍, യൂനിസെഫിന്റെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ബാലാകോട്ട് ആക്രമണത്തേയും കശ്മീരിലെ ഇന്ത്യന്‍ നിലപാടിനെയും പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിച്ചെന്നും ഗുഡ്വില്‍ അംബാസിഡര്‍ എന്ന നിലയില്‍ യു.എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പ്രിയങ്കയുടെ ഈ നിലപാടുകള്‍ എന്നുമുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി യൂനിസെഫ് രംഗത്തെത്തിയത്.

അടുത്തിടെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെ പ്രിയങ്ക ചോപ്രയ്ക്ക് നേരെ പാക് യുവതി ഉന്നയിച്ച ചോദ്യവും വൈറലായിരുന്നു.

‘നിങ്ങള്‍ യു.എന്നിന്റെ ഗുഡ്വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനെതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്’. എന്നായിരുന്നു ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് യുവതി പറഞ്ഞത്.

എന്നാല്‍ താന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താന്‍ ഒരു രാജ്യസ്നേഹിയാണെന്നുമായിരുന്നു ഇതിന് പ്രിയങ്ക നല്‍കിയ മറുപടി.

‘എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്‌നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു’- എന്നായിരുന്നു പ്രിയങ്ക പെണ്‍കുട്ടിയോട് പറഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും