ഉറങ്ങിക്കിടക്കുകയായിരുന്ന അമേരിക്കന്‍ യുവതിയെ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ തടവിലായ പ്രതിക്ക് കോടതി ജാമ്യം നൽകിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഇര. 2013 ജൂണിൽ ഡല്‍ഹിയിൽ വച്ച് നടന്ന സംഭവത്തിൽ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിച്ചതോടെ തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് യുവതിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവതി. പ്രതിയായ രാജീവ് പൻവാറിനെ ഈ വർഷം ഫെബ്രുവരിയിലാണ് ഏഴ് വർഷം കഠിന തടവിന് ഡൽഹി കോടതി ശിക്ഷിച്ചത്. ജൂലൈ 30 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് യുവതി തന്റെ പ്രതിഷേധം അറിയിച്ചത്. ‘എന്നെ ക്രൂരമായി ആക്രമിച്ചയാൾക്ക് ജാമ്യം ലഭിച്ചതായി അറിയാന്‍ കഴിഞ്ഞു. അയാള്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന് ഇന്ത്യയില്‍ തന്നെ അർഹമായ ശിക്ഷ നൽകാൻ ശക്തമായ നിയമപോരാട്ടം നടത്തേണ്ടി വന്നിരുന്നു. കേസിനു പിറകെ വർഷങ്ങളോളം നടന്നാണ് ഏഴു വർഷത്തെ തടവു ശിക്ഷ ഉറപ്പാക്കിയത്. ഞാനാണ് അക്രമിക്കപ്പെട്ടത്. നീതിക്കായി പോരാടിയതും, അതിനായി പലതവണ ഇന്ത്യയിലേക്ക് പോയി കോടതി കയറിയിറങ്ങിയതും ഞാന്‍തന്നെ. പക്ഷെ, ഇപ്പോള്‍ അയാൾക്ക് ജാമ്യം നൽകിയിരിക്കുകയാണ്’ എന്ന് യുവതി വീഡിയോയിലൂടെ പറയുന്നു. തനിക്ക് ഇന്ത്യൻ അധികാരികളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. സാൻഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിനു മുന്പികലും വീഡിയോ പ്രദർശിപ്പിച്ചിരുന്നു. ഡൽഹിയിൽ വച്ച് താൻ ‘ക്രൂരമായി ആക്രമിപ്പെട്ടു’ എന്നായിരുന്നുവെന്ന് അവര്‍ പറയുന്നു. അയാൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുവേണ്ടി ശക്തമായ നിയമ പോരാട്ടമാണ് അവര്‍ നടത്തിയിരുന്നത്. കേസ് പരിഗണിച്ച സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഹരീഷ് ദുദാനി പ്രതിയില്‍ നിന്നും 5 ലക്ഷം രൂപ പിഴ ചുമത്തി. അത് ഇരയായ യുവതിക്ക് കൈമാറാനും ഉത്തരവിട്ടിരുന്നു. എന്നാൽ, ജൂലൈ 5 ന് ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദർ ശേഖറാണ് പൻവാറിന് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി ചുമത്തിയ പിഴ പ്രതി ഇതിനകം തന്നെ അടച്ചുവെന്നും, അപ്പീൽ തീർപ്പാക്കാൻ കുറച്ച് സമയമെടുക്കുമെന്നും കോടതി നിരീക്ഷിച്ചു. അതോടെയാണ് ജാമ്യം നൽകാൻ തീരുമാനമായത്.